മെക്സിക്കോ സിറ്റി: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് തോറ്റ് പുറത്തായതിന് പിന്നാലെ ഫിഫയ്‌ക്കെതിരെയും റഫറിയിങ്ങിനെതിരെയും കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് താരം മൊസ്തഫ സിക്കോ.
ടൂർണമെന്റിൽ വൻ കൃത്രിമം നടക്കുന്നുണ്ടെന്നും അർജന്റീനയെ ജയിപ്പിക്കാൻ റഫറി ബോധപൂർവ്വം കളിച്ചുവെന്നുമാണ് ഈജിപ്ഷ്യൻ വിങ്ങറുടെ ആരോപണം. മത്സരത്തിൽ ഈജിപ്തിന്റെ മൂന്നാം ഗോൾ റഫറി വിവാദപരമായി നിഷേധിച്ചതിനെ ചൊല്ലിയാണ് താരം പൊട്ടിത്തെറിച്ചത്.
ആവേശകരമായ മത്സരത്തിൽ രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്ന ശേഷമാണ് ഈജിപ്ത് 3-2 ന് അർജന്റീനയോട് തോറ്റത്. വെറും 11 മിനിറ്റിനിടെ മൂന്ന് ഗോളുകൾ തിരിച്ചടിച്ചായിരുന്നു അർജന്റീനയുടെ നാടകീയ ജയം.
വിവാദമായി റഫറിയുടെ തീരുമാനം
മത്സരത്തിൽ 1-0 ന് ഈജിപ്ത് മുന്നിട്ടു നിൽക്കുന്നതിനിടെ 60-ാം മിനിറ്റിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മൊസ്തഫ സിക്കോ അർജന്റീനൻ വല കുലുക്കിയെങ്കിലും റഫറി വി.എ.ആർ (VAR) പരിശോധനയ്ക്ക് ശേഷം ഗോൾ നിഷേധിച്ചു. പന്ത് വലയിലെത്തുന്നതിന് തൊട്ടുമുമ്പ്, ഏതാണ്ട് 70 യാർഡ് അകലെ വെച്ച് നടന്ന ഒരു ഫൗൾ ചൂണ്ടിക്കാട്ടിയായിരുന്നു റഫറിയുടെ ഈ തീരുമാനം. ഇതാണ് ഈജിപ്ത് ക്യാമ്പിനെ ചൊടിപ്പിച്ചത്.
മത്സരശേഷം വികാരാധീനനായി സംസാരിച്ച സിക്കോ ഫിഫയുടെ കള്ളക്കളിയാണ് ടൂർണമെന്റിലുടനീളം നടക്കുന്നതെന്ന് ആരോപിച്ചു.
“റഫറി ഒട്ടും നീതി പുലർത്തിയില്ല. ഇത് വ്യക്തമായ അനീതിയാണ്. ഒരു രാജ്യത്തിന്റെ മുഴുവൻ കഠിനാധ്വാനമാണ് അദ്ദേഹം ഇല്ലാതാക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ റഫറി ഞങ്ങൾക്ക് എതിരായിരുന്നു. ഇതൊരു മുൻകൂട്ടി നിശ്ചയിച്ച (Fixed) ടൂർണമെന്റാണ്. അർജന്റീനയെപ്പോലൊരു വൻശക്തിക്കെതിരെ ഞങ്ങൾ 2-0 ന് ജയിച്ചു കയറുന്നത് കാണാൻ അവർക്ക് താല്പര്യമില്ലായിരുന്നു. എല്ലാത്തിനും മുകളിൽ അല്ലാഹുവുണ്ട്, അവൻ കാര്യങ്ങൾ നോക്കിക്കൊള്ളും.”
ഈജിപ്ഷ്യൻ ആരാധകരോട് താരം ക്ഷമാപണം നടത്തുകയും ചെയ്തു. അട്ടിമറി ജയം കാത്തിരുന്ന ആരാധകരെ നിരാശരാക്കേണ്ടി വന്നതിൽ വിഷമമുണ്ടെന്നും എന്നാൽ കാര്യങ്ങൾ തങ്ങളുടെ കൈകളിലായിരുന്നില്ലെന്നും സിക്കോ പറഞ്ഞു. അഭിമുഖം അവസാനിപ്പിക്കുന്നതിനിടെ കടുത്ത പരിഹാസത്തോടെയാണ് താരം മൈക്ക് ഒഴിഞ്ഞത്.
“എന്തായാലും ലോകകപ്പ് നേടാൻ പോകുന്ന അർജന്റീനയ്ക്ക് ഇപ്പോൾത്തന്നെ എന്റെ അഭിനന്ദനങ്ങൾ. അവർക്ക് കപ്പ് കൊടുക്കൂ, ഞങ്ങൾക്ക് ഇനി ഒന്നും പറയാനില്ല,” സിക്കോ തുറന്നടിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
