ദുരന്തമുഖത്ത് മുഖ്യമന്ത്രിയെത്തി; കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് വി.ഡി സതീശന്‍ 

News Desk
1 Min Read

കല്‍പ്പറ്റ: വയനാട് കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. മന്ത്രി ടി. സിദ്ധീഖ്, എ.പി അനില്‍കുമാര്‍ എംഎല്‍എ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. 

അപകട മേഖലയിലെത്തിയ മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്ഥലവും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

കള്ളാടിയിൽ തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞ സാഹചര്യത്തിൽ തുരങ്കപാത നിർമ്മാണം താൽക്കാലികമായി നിർത്തിവെച്ചതായി മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. തുരങ്കപാതക്ക് നിർമ്മാണ അനുമതി നൽകിയ സമയത്ത് കേന്ദ്ര സർക്കാർ നൽകിയ കർശന നിയന്ത്രണങ്ങൾ നിർമ്മാണ കമ്പനി പാലിച്ചോ എന്ന കാര്യത്തിൽ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തത്തിൽ ഇരട്ട അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സാങ്കേതിക നിയമ പരിശോധന നടത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പാരിസ്ഥിതിക അനുമതി ലഭിച്ച വേളയിൽ കേന്ദ്രം നൽകിയ നിർദ്ദേശങ്ങളും നിബന്ധനകളും പാലിച്ചാണോ കരാർ കമ്പനി പണി നടത്തിയതെന്നതിൽ പരിശോധന നടത്തുമെന്നും കൂട്ടിച്ചേർത്തു. ഈ രണ്ട് അന്വേഷണങ്ങൾക്കും ശേഷം മാത്രമേ തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി  വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

അതിനിടെ, മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. അതിനിടെ, മഴ ശക്തമായതിന് പിന്നാലെ മേപ്പാടി കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാവുന്നതായി റിപ്പോർട്ടുണ്ട്. ചെറിയ തോതിലാണ് നിലവിൽ മണ്ണിടിയുന്നതെങ്കിലും മഴ തുടർന്നാൽ മണ്ണിടിച്ചിൽ രൂക്ഷമാവുമോ എന്ന ആശങ്കയിലാണ് രക്ഷാ പ്രവർത്തകർ. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. 

ഇന്നലെ രാവിലെ 11:15 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത നിർമാണം നടക്കുന്ന മീനാക്ഷിയിലെ പദ്ധതിപ്രദേശത്താണ് സംഭവം. മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ (ഓപറേറ്റർ), ബിഹാറിലെ ബികാഷ് കുമാർ (സിവിൽ ഫോർമാൻ),  ജാർഖണ്ഡിൽ നിന്നുള്ള അൻമോൽ (തൊഴിലാളി)എന്നിവരാണ് മരിച്ചത്. അഞ്ച് തൊഴിലാളികളെ കാണാതായി. മരിച്ചവരും കാണാതായവരും അതിഥി തൊഴിലാളികളാണ്. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article