അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തിനെ തോൽപ്പിച്ച് അർജന്റീന ക്വാർട്ടറിൽ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മെസ്സിപ്പടയുടെ വിജയം. രണ്ടു ഗോളുകൾക്ക് പിന്നിൽനിന്ന ശേഷമാണ് അർജന്റീനയുടെ അവിശ്വസനീയ തിരിച്ചുവരവ്. 12 മിനിറ്റുകൾക്കിടെയാണ് അർജന്റീനയുടെ മൂന്നു ഗോളുകളും പിറന്നത്.
ക്രിസ്റ്റ്യൻ റൊമേറോ, ലയണൽ മെസ്സി, എൻസോ ഫെർണാണ്ടസ് എന്നിവരാണ് അർജന്റീനയ്ക്കു വേണ്ടി സ്കോർ ചെയ്തത്. 79-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നു മെസ്സി ഉയർത്തി നൽകിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽ നിന്ന ക്രിസ്റ്റ്യൻ റൊമേറോ ഹെഡ് െചയ്ത് വലയിലെത്തിക്കുകയായിരുന്നു. നാലു മിനിറ്റ് കഴിഞ്ഞപ്പോൾ അർജന്റീനയുടെ രണ്ടാം ഗോൾ എത്തി. ബോക്സിനകത്തുവച്ച് ഈജിപ്ത് ഡിഫൻഡർമാരെ വെട്ടിച്ച് അർജന്റീന താരങ്ങൾ നൽകിയ പാസുകൾക്കിടെ പന്ത് കാലിൽ ലഭിച്ച മെസ്സി ഷൂട്ട് ചെയ്ത് വല കുലുക്കുകയായിരുന്നു. ഈ ലോകകപ്പിൽ മെസ്സിയുടെ എട്ടാം ഗോൾ. ലോകകപ്പിലെ ആകെ ഗോളെണ്ണം 21 ആയി.
67–ാം മിനിറ്റിൽ മൊസ്തഫ സിക്കോ ആണ് ഈജിപ്‌തിന്റെ രണ്ടാം ഗോൾ നേടിയത്. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ പന്തുമായി ഹസൻ അർജന്റീന പോസ്റ്റ് ലക്ഷ്യമാക്കി കുതിച്ചു. ബോക്സിന് സമീപത്തുവച്ച് പന്ത് സലായ്ക്ക് കൈമാറി വലതു വിങ്ങിൽനിന്ന് മുഹമ്മദ് സലാ നൽകിയ ക്രോസ് ഓടിയെത്തിയ സിക്കോ മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. ഇതിന് പത്തു മിനിറ്റ് മുൻപ് സിക്കോ നേടിയ ഒരു ഗോൾ വാർ പരിശോധനയിൽ റദ്ദാക്കിയിരുന്നു.
സ്വന്തം ബോക്സിന് സമീപത്തുനിന്നു പന്തുമായി വലതുവിങ്ങിലൂടെ മുന്നേറിയ ഈജിപ്ത് താരം ഹസീം ഹസൻ അർജന്റീന മിഡ്ഫീൽഡർമാരെയും വെട്ടിച്ച് മധ്യവര പിന്നിട്ട ശേഷം പന്ത് സലായ്ക്ക് കൈമാറി. ബോക്സിനകത്തുവച്ച് സിക്കോയ്ക്ക് നൽകിയ പാസ് സിക്കോ മനോഹരമായി ഫിനിഷ് ചെയ്തു. എന്നാൽ അർജന്റീന താരത്തെ ഫൗൾ ചെയ്താണ് പന്തുമായി ഹസീം മുന്നേറിയത് എന്ന് വാർ പരിശോധനയിൽ തെളിഞ്ഞതിനാൽ ഗോൾ റദ്ദാക്കുകയായിരുന്നു. ഇതിനുശേഷമായിരുന്നു സമാനമായ രീതിയിൽ ഈജിപ്തിന്റെ രണ്ടാമത്തെ പ്രഹരം.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഈജിപ്ത് ലീഡെടുത്തിരുന്നു. പതിനഞ്ചാം മിനിറ്റിൽ അർജന്റീനയുടെ നെഞ്ച് പിളർത്തിക്കൊണ്ടാണ് ഈജിപ്ത് ആദ്യ ഗോൾ നേടിയത്. യാസർ ഇബ്രാഹിമാണ് മനോഹരമായ ഹെഡറിലൂടെ അർജന്റീനയുടെ വല കുലുക്കിയത്. ബോക്സിനു പുറത്തുനിന്നു മർവാൻ അറ്റിയ നൽകിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽനിന്നു യാസർ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
