ഡാലസ്: ലോകകപ്പ് ഫുട്ബോളിൽ ഇനി ആ ‘സ്യൂൂ’ മുഴക്കം ഉണ്ടാകില്ല. ഗോളടിച്ചതിനു ശേഷം പാഞ്ഞ് ഓടി, വായുവിൽ ഉയർന്നുചാടി, ഇരുവശങ്ങളിലേക്കും കൈകൾ വീശിയുള്ള വിഖ്യാതമായ ആ സെലിബ്രേഷൻ ഒരു തലമുറയുടെ മുഴുവൻ ആഘോഷമായിരുന്നു.
2006ൽ ജർമനിയിൽ തുടങ്ങി ആറു ലോകകപ്പുകളിൽ പറങ്കിപ്പടയുടെ നട്ടെല്ലായി നിന്ന ആ ഏഴാം നമ്പർ ജഴ്സിക്കാരൻ ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിവച്ച് കാൽപ്പന്തുകളിയുടെ വിശ്വവേദിയിൽനിന്നു പടിയിറങ്ങുകയാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കരിയറിന് ഒടുവിൽ വികാരനിർഭരമായ അന്ത്യം. 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ സ്പെയിനിനോട് തോറ്റ് പോർച്ചുഗൽ പുറത്തായതോടെയാണ് സിആർ7ന്റെ പടിയിറക്കം. ഇതു തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് മത്സരത്തിനു മുൻപു തന്നെ റൊണാൾഡോ പറഞ്ഞിരുന്നു. ഫുട്ബോളിലെ റെക്കോർഡുകൾ പലതും സ്വന്തം പേരിലാക്കിയെങ്കിലും ലോകകപ്പ് കിരീടമെന്ന മോഹം ഇതിഹാസതാരത്തിന് എക്കാലവും ഒരു മോഹമായി തന്നെ അവശേഷിക്കും
സ്പെയിനെതിരായ ക്വാർട്ടർ മത്സരത്തിന് ഫൈനൽ വിസിൽ മുഴങ്ങിയതിനു പിന്നാലെ റൊണാൾഡോയ്ക്കു കണ്ണീരടക്കാനായില്ല. ഡാലസിലെ ഗാലറിയിൽ തടിച്ചുകൂടിയ കാണികൾ ആർത്തുവിളിച്ചപ്പോൾ, റൊണാൾഡോ പൊട്ടിക്കരഞ്ഞു. ചില പോർച്ചുഗൽ സഹതാരങ്ങൾ താരത്തെ ആശ്വസിപ്പിച്ചു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോൾ ആരാധകരുടെ ഹൃദയം തകർക്കുന്ന കാഴ്ച! കഴിഞ്ഞദിവസം നോർവേയോട് തോറ്റ് ബ്രസീൽ പുറത്തായപ്പോൾ സൂപ്പർതാരം നെയ്മാറും കണ്ണീരോടെയാണ് കളംവിട്ടത്. തൊട്ടുപിന്നാലെ രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. 24 മണിക്കൂറിനുള്ളിലാണ് ഒരു ഇതിഹാസ താരം കൂടി ലോകകപ്പിനോട് വിടപറയുന്നത്. രാജ്യാന്തര ഫുട്ബോളിൽ റൊണാൾഡോ തുടരുമെന്നതാണ് ആരാധകരുടെ ആശ്വാസം.
2006ൽ ജർമനിയിൽ നടന്ന ലോകകപ്പിലാണ് ഇരുപത്തിയൊന്നുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആദ്യ ലോകകപ്പ് മത്സരം കളിക്കുന്നത്. ഇതിഹാസ താരം ലൂയിസ് ഫിഗോയുടെ നേതൃത്വത്തിൽ അന്ന് ഇറങ്ങിയ പോർച്ചുഗീസ് പടയിൽ റൊണാൾഡോ ഒരു പ്രധാന താരമായിരുന്നു. തുടർന്ന് 2010, 2014, 2018, 2022, ഒടുവിൽ 2026 വരെ നീണ്ട ആറു ലോകകപ്പുകളിൽ അദ്ദേഹം പോർച്ചുഗലിന്റെ നട്ടെല്ലായി നിലകൊണ്ടു. 2010 ലോകകപ്പ് മുതൽ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത അദ്ദേഹം പോർച്ചുഗൽ ഫുട്ബോളിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു.
രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായ റൊണാൾഡോ, ലോകകപ്പ് വേദികളിലും അവിസ്മരണീയമായ ഒട്ടേറെ റെക്കോർഡുകൾ സ്ഥാപിച്ചു. തുടർച്ചയായ ആറു ലോകകപ്പുകളിൽ (2006, 2010, 2014, 2018, 2022, 2026) ഗോൾ നേടുന്ന ചരിത്രത്തിലെ ഏക പുരുഷ ഫുട്ബോൾ താരമാണ് റൊണാൾഡോ. റൊണാൾഡോയ്ക്കൊപ്പം ആറു ലോകകപ്പുകൾ കളിച്ച അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി 2010 ലോകകപ്പിൽ ഒരു ഗോൾ പോലും നേടിയിരുന്നില്ല. ആറു ലോകകപ്പുകളിൽനിന്ന് ആകെ 11 ഗോളുകളാണ് റൊണാൾഡോ നേടിയത്. ഇത്തവണ മൂന്നു ഗോളുകൾ. ക്രൊയേഷ്യയ്‌ക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിലാണ് റൊണാൾഡോ ലോകകപ്പ് നോക്കൗട്ട് മത്സരത്തിലെ തന്റെ ആദ്യ ഗോൾ നേടിയത്.
റൊണാൾഡോയുടെ ആദ്യ ലോകകപ്പായ 2006ൽ പോർച്ചുഗൽ സെമിഫൈനൽ വരെ എത്തി നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഇതാണ് ലോകകപ്പ് കരിയറിൽ താരത്തിന്റെ ഏറ്റവും മികച്ച ടീം നേട്ടം. 2018ൽ സ്പെയിനെതിരെയുള്ള ആവേശകരമായ മത്സരത്തിൽ (3-3) റൊണാൾഡോ നേടിയ തകർപ്പൻ ഹാട്രിക് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായിരുന്നു അന്ന് അദ്ദേഹം. ഈ ലോകകപ്പിൽ അൾജീരിയയ്ക്കെതിരെ നേടിയ ഹാട്രിക്കിലൂടെ മെസ്സിയാണ് ഈ റെക്കോർഡ് തിരുത്തിയത്.
പോർച്ചുഗലിനെ രണ്ടാമതും ക്വാർട്ടർ ഫൈനലിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഡാലസിൽ കളത്തിലിറങ്ങിയത്. എന്നാൽ പ്രീക്വാർട്ടറിൽ കരുത്തരായ സ്പെയിനു മുന്നിൽ പോർച്ചുഗൽ മുട്ടുകുത്തി. മത്സരത്തിന്റെ ഇൻജറി ടൈമിൽ സ്പാനിഷ് താരം മൈക്കൽ മെറിനോ നേടിയ ഏക ഗോളിനാണ് പോർച്ചുഗൽ പരാജയപ്പെട്ടത്. മത്സരത്തിൽ റൊണാൾഡോയ്ക്ക് 19 ടച്ചുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിൽ മൂന്നെണ്ണം മാത്രമാണ് എതിർ ടീമിന്റെ ബോക്സിനുള്ളിൽ ആയിരുന്നത്. എങ്കിലും താരം മൂന്നു ഷോട്ടുകൾ ഉതിർത്തു, അതിൽ രണ്ടെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു.
ആകെ 12 പാസുകൾക്ക് ശ്രമിച്ച താരം, അതിൽ 10 എണ്ണം പൂർത്തിയാക്കി. 12-ാം മിനിറ്റിലാണ് റൊണാൾഡോയ്ക്കു ആദ്യ അവസരം ലഭിച്ചത്, പെനൽറ്റി ഏരിയയുടെ വലതുഭാഗത്തുനിന്ന് ഒരു സ്റ്റെപ്പ് ഓവറിന് ശേഷം താരം ഷൂട്ട് ചെയ്തു. രണ്ടാമത്തെ അവസരം കൂടുതൽ മികച്ചതായിരുന്നു; ജാവോ ഫെലിക്സിൽ നിന്ന് ലഭിച്ച ഒരു ഹെഡർ പാസ് സ്വീകരിച്ച് റൊണാൾഡോ ഒരു ബൈസൈക്കിൾ ഷോട്ടിന് ശ്രമിച്ചെങ്കിലും, സ്പെയിൻ കീപ്പർ സിമോൺ ഇടത്തോട്ട് ഡൈവ് ചെയ്ത് പന്ത് കൈക്കലാക്കുകയായിരുന്നു..
ഒരു ലോകകപ്പ് കിരീടം എന്ന വലിയ സ്വപ്നം ബാക്കിവച്ചാണ് നാൽപത്തൊന്നുകാരൻ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നത്. എങ്കിലും കളിക്കളത്തിൽ സിആർ7 അവശേഷിപ്പിച്ചു പോകുന്ന പോരാട്ടവീര്യവും റെക്കോർഡുകളും വരുംതലമുറകൾക്ക് എക്കാലവും ആവേശമായിരിക്കും. ഫുട്ബോൾ ചരിത്രമുള്ളിടത്തോളം കാലം ലോകകപ്പ് വേദികളിലെ റൊണാൾഡോയുടെ സാന്നിധ്യം ഫുട്ബോൾ പ്രേമികൾ ഓർക്കും. വിശ്വവേദിയിലെ ആ ഏഴാം നമ്പർ ജഴ്സിയുടെ യുഗത്തിന് പരിസമാപ്തി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
