യാഷ് വാന്റെ മടക്കം അഞ്ച് പേർക്ക് പുതുജീവനേകി; വൃക്ക റോഡുമാർ​ഗം കോഴിക്കോടെത്തിക്കും

News Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരന്റെ അവയവങ്ങൾ ദാനം ചെയ്യും. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ യാഷ് വാൻ ആണ് അഞ്ച് പേർക്ക് പുതുജീവനേകി മടങ്ങിയത്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.30ഓടെ കുട്ടിയുടെ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.

ദാനം ചെയ്ത അവയവങ്ങളിൽ ഒരു വൃക്ക കോഴിക്കോട്ടുള്ള രോഗിക്കാണ് മാറ്റിവയ്ക്കുന്നത്. തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്ക് റോഡ് മാർഗ്ഗം ആംബുലൻസിലാണ് വൃക്ക എത്തിക്കുന്നത്. സമയബന്ധിതമായി അവയവം എത്തിക്കുന്നതിനായി യാത്രയിലുടനീളം പൊലീസ് പ്രത്യേക ‘ഗ്രീൻ കോറിഡോർ’ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായുള്ള എല്ലാ സജ്ജീകരണങ്ങളും മെഡിക്കൽ സംഘവും അധികൃതരും പൂർത്തിയാക്കി കഴിഞ്ഞു. KL 16 W 424 രജിസ്ട്രേഷൻ നമ്പരുള്ള ആംബുലൻസിലാണ് വൃക്ക കോഴിക്കോട് എത്തിക്കുന്നത്. ബാക്കി അവയവങ്ങളെല്ലാം തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളിലാണ് മാറ്റിവയ്ക്കുന്നത്.

സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ചാണ് യാഷ് വാന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ തിരുനെൽവേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഡോക്ടർമാർ പരമാവധി ശ്രമിച്ചിട്ടും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. യാഷ് വാന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയവാൽവ്, കോർണിയ എന്നീ അവയവങ്ങളാണ് വിവിധ രോഗികൾക്കായി മാറ്റിവയ്ക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article