കൊല്ലം: വെളിയം പടിഞ്ഞാറ്റിൻകരയിൽ സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വെളിയം പടിഞ്ഞാറ്റിൻകര ചന്ദ്രശേഖരൻപിള്ളയെ കൊലപ്പെടുത്തിയ വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻപിള്ളയാണ് പിടിയിലായത്.
1987 ജനുവരി 11നാണ് കൊലപാതകം നടന്നത്. വീട്ടിൽ മദ്യപിച്ച് ബഹളം വച്ച ചന്ദ്രശേഖരൻപിള്ളയെ വെട്ടുകത്തികൊണ്ട് കഴുത്തിൽ മൂന്ന് വെട്ടുവെട്ടി കൊലപ്പെടുത്തിയശേഷം മോഹനന്‍പിള്ള നാടുവിടുകയായിരുന്നു. കൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് 25 വയസ്സായിരുന്നു. ആദ്യം വേളാങ്കണ്ണിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിന്നീട് കോട്ടയം കല്ലറ എന്ന സ്ഥലത്ത് തോട്ടം പണിയ്ക്കായി എത്തി. അവിടെ മറ്റൊരു പേരിൽ വിവാഹം കഴിച്ച് കുടുംബമായി താമസിച്ച് വരികയായിരുന്നു.
അടുത്തിടെ അസുഖം ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പ്രതി അവിടെ വച്ച് വെളിയം സ്വദേശിയായ ഒരാളെ അവിചാരിതമായി കണ്ടു. നാട്ടിലെ ചില കാര്യങ്ങൾ തിരക്കി. ഈ വിവരം അയാൾ ബന്ധുക്കളെ അറിയിച്ചു. വിവരമറിഞ്ഞ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയുടെ അകന്ന ബന്ധുക്കളെയും മറ്റും കണ്ട് വിവരങ്ങൾ ശേഖരിച്ചു. കോട്ടയം ഭാഗങ്ങളിൽ അന്വേഷണം നടത്തി.
വീടിനടുത്തുള്ള കള്ളുഷാപ്പിൽ ജോലി ചെയ്തിരുന്ന പ്രതി മദ്യലഹരിയിൽ വഴക്ക് ഉണ്ടാക്കുകയും കേസ് തനിക്ക് പുത്തരിയല്ല എന്ന് പറഞ്ഞതായും പൊലീസിനു വിവരം ലഭിച്ചു. പൊലീസ് അന്വേഷണം നടത്തി ആളെ കണ്ടെത്തി. രാജൻ എന്ന പേരിൽ താമസിച്ചു വരികയായിരുന്നു പ്രതി. 35, 37 വയസ്സുള്ള മക്കളുണ്ട്. രൂപമാറ്റം കൊണ്ട് ആളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ പൊലീസിന്റെ വിദഗ്ധമായ ചോദ്യം ചെയ്യലിലൂടെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ സഹോദരിയും മറ്റു ബന്ധുക്കളും നാട്ടുകാരും തിരിച്ചറിഞ്ഞു.
കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണന്റെയും കൊട്ടാരക്കര ഡിവൈഎസ്പി ബിനുകുമാറിന്റെയും നിർദേശാനുസരണം പൂയപ്പള്ളി എസ്എച്ച്ഒ പി. ഷാജിമോൻ, എസ്ഐമാരായ എം.രജനീഷ്, ബാലാജി എസ്. കുറുപ്പ്, സിപിഒമാരായ റിജു, വിപിൻ, സജീവ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
