ഡ്രൈ ഡേയിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ച വിദേശ മദ്യശേഖരം പിടികൂടി; മിന്നൽ പരിശോധനയിൽ രണ്ട് പേർ പിടിയിൽ

News Desk
1 Min Read

മലപ്പുറം: ഡ്രൈ ഡേയില്‍ വിൽക്കാൻ ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന വിദേശ മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു. ആതവനാട്, മാട്ടുമ്മല്‍ ഭാഗങ്ങളില്‍ നിന്നാണ് വിദേശമദ്യവും ബിയറും പിടിച്ചെടുത്തത്. മാട്ടുമ്മല്‍ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആതവനാട് മാട്ടുമ്മല്‍ സ്വദേശികളായ രാജേഷ്, വിജയകുമാര്‍ എന്നിവരുടെ വീടുകളില്‍ നിന്നാണ് മദ്യശേഖരം പിടികൂടിയത്. രാജേഷിന്റെ വീട്ടിലെ വിറകുപുരയിലായിരുന്നു മദ്യക്കുപ്പികൾ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും വാഹനത്തിൽ കറങ്ങി നടന്നാണ് രാജേഷ് മദ്യവിൽപന നടത്തിയിരുന്നത്. വീട്ടുപടിക്കൽ തന്നെ മദ്യം ലഭ്യമാക്കുന്ന രീതിയായിരുന്നു ഇവരുടേത്. മുൻപും സമാനമായ രീതിയിൽ മദ്യവിൽപന നടത്തിയ കേസിൽ ഇരുവരും അറസ്റ്റിലായിട്ടുണ്ട്.

പ്രദേശത്തെ യുവാക്കളെ നിത്യമദ്യപാനികളാക്കി മാറ്റിയ ഈ അനധികൃത വിൽപന കാരണം നാട്ടിലെ സമാധാന അന്തരീക്ഷം തകർന്നതായി നാട്ടുകാർ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ നടപടി.

കുറ്റിപ്പുറം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ. മുരുകദാസിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രഗേഷ്, പ്രിവന്റീവ് ഓഫീസർ പ്രമോദ്, രജിത, കമ്മുകുട്ടി, സാഗീഷ്, ഗണേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ ഇരു പ്രതികളെയും റിമാൻഡ് ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article