മാന്‍ഹോളില്‍ വീണ് ദാരുണ മരണം; മുംബൈയില്‍ കനത്ത മഴ തുടരുന്നു

News Desk
1 Min Read

മുംബൈ: കനത്ത മഴയില്‍ മാന്‍ഹോളിലേക്ക് ഒലിച്ചുപോയ മധ്യവയസ്‌കന് ദാരുണാന്ത്യം. വ്യാഴാഴ്ച മുംബൈയിലുണ്ടായ കനത്ത മഴയിലാണ് സംഭവം. ഖൈറാനി റോഡില്‍ ഉച്ചയ്ക്ക് 12:30 ഓടെയാണ് അപകടമുണ്ടായത്. അന്ധേരി-സാക്കി നാക്ക, ജോഗേശ്വരി എന്നീ സ്ഥലങ്ങളെ സെന്‍ട്രല്‍ മുംബൈയിലെ കുര്‍ള, ഘാട്‌കോപ്പര്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡാണിത്.

മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് നടക്കുന്നതിനിടയില്‍ മാന്‍ഹോളിലേക്ക് ഒലിച്ചു വീഴുകയായിരുന്നു. അസ്ലം ഇസാഫ് ഷെയ്ഖ് എന്നയാളാണ് മരിച്ചത്. മാന്‍ഹോളില്‍ നിന്നും പുറത്തെടുത്ത അസ്ലമിനെ ഉടന്‍ തന്നെ അടുത്തുള്ള രാജവാഡി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടം നടന്ന് രണ്ട് മണിക്കൂറിനു ശേഷമാണ് അസ്ലമിനെ മാന്‍ഹോളില്‍ നിന്ന് പുറത്തെടുക്കാനായത്. ഇദ്ദേഹത്തിന്റെ കുടയും ചെരിപ്പും സമീപത്തുണ്ടായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും ഉള്‍പ്പെടെ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അപകട മരണത്തില്‍ മാന്‍ഹോള്‍ കോണ്‍ട്രാക്ടര്‍ക്കെതിരെ കേസെടുത്തതായി ഡെപ്യൂട്ടി മേയര്‍ സഞ്ജയ് ഘാഡി അറിയിച്ചു. അസ്ലം ഇസാഫിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മേയര്‍ റിതു തവ് ഡെ വ്യക്തമാക്കി.

മുംബൈയില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടില്‍ മുങ്ങിയിരിക്കുകയാണ്. മുംബൈയുടെ കിഴക്കന്‍ നഗരപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ശരാശരി 189 മി.മീറ്റര്‍ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്തത്.

മുംബൈയിലും സമീപ പ്രദേശങ്ങളിലും ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി അതിതീവ്രമായ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്ച രാത്രി 7:49-ന് 1.82 മീറ്റര്‍ ഉയരത്തില്‍ താഴ്ന്ന വേലിയേറ്റവും, വെള്ളിയാഴ്ച പുലര്‍ച്ചെ 1:31-ന് 3.71 മീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന വേലിയേറ്റവും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

മുംബൈയില്‍ സാധാരണയായി ലഭിക്കേണ്ടതിനേക്കാള്‍ പതിമൂന്ന് ദിവസം വൈകി ജൂണ്‍ 23-നാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!