കാസര്‍കോട്: സി പി എം ഓഫീസ് അക്രമിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റ ബി ജെ പി പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് അശുപത്രിയില്‍ നിന്ന് അറസ്റ്റിലായി. കാഞ്ഞങ്ങാട് എണ്ണപ്പാറയിലെ സി പി എം ഓഫീസ് ആക്രമിച്ച കേസിലാണ് രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. എണ്ണപ്പാറ സ്വദേശി വിശാല്‍ കെ ബാബു, പറക്കളായി തോണിക്കല്ല് സ്വദേശി ടി കെ അഭിനവ് എന്നിവരാണ് പിടിയിലായത്.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സി പി എം ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ചില്ലുതകര്‍ന്ന് ഇടത് കൈക്ക് ആഴത്തില്‍ മുറിവേറ്റ വിശാല്‍ ചികിത്സക്കായി മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ആശുപത്രിയില്‍ വിശാലിനൊപ്പം അഭിനവും ഉണ്ടായിരുന്നു.
പ്രതികള്‍ ഓഫീസിന്റെ ജനല്‍ ചില്ലകള്‍ തകര്‍ക്കുന്നതിനിടയിലാണ് മുറിവുണ്ടായതെന്നാണ് പോലീസ് പറയുന്നത്. ആക്രമണം നടന്ന പാര്‍ട്ടി ഓഫീസിനകത്ത് കണ്ടെത്തിയ ചോരപ്പാടുകളാണ് പ്രതികളിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ പോലീസിനെ സഹായിച്ചത്.
പരിക്കുകളോടെ പ്രതികള്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വിശാലിനെയും ഒപ്പമുണ്ടായിരുന്ന അഭിനവിനെയും പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
……
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
