പോര്‍ച്ചുഗലിനെ വിറപ്പിച്ച് കൊളംബിയ; ഗോള്‍രഹിത സമനില

News Desk
1 Min Read

ഗ്രൂപ്പ് K യില്‍ പോര്‍ച്ചുഗലും കൊളംബിയയുമായുള്ള മല്‍സരം ഗോള്‍രഹിത സമനിലയില്‍. നോക്കൗട്ടില്‍ പോര്‍ച്ചുഗല്‍ ക്രൊയേഷ്യയെയും കൊളംബിയ ഘാനയെയും നേരിടും. കനത്ത ആക്രമണങ്ങളുണ്ടായിട്ടും ഗോള്‍ വീഴാതെ കാത്ത ഗോള്‍കീപ്പര്‍മാരാണ് താരങ്ങള്‍. കടുത്ത ആക്രമണ ശൈലിയാണ് കൊളംബിയ പുറത്തെടുത്തത്.

ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ആദ്യ പകുതിയില്‍ കൊളംബിയ മുന്നിട്ടു നിന്നു. 6 ഷോട്ടുകൾ കൊളംബിയ ലക്ഷ്യത്തിലേക്ക് തൊടുത്തപ്പോൾ പോർച്ചുഗലിന് 2 ഷോട്ടുകൾ മാത്രമാണ് പോസ്റ്റിലേക്ക് പായിക്കാനായത്. മിഡ് ഫീല്‍ഡില്‍ ജോണ്‍ അരിയാസ് നടത്തിയ മുന്നേറ്റങ്ങള്‍ കൊളംബിയയ്ക്ക് ആവേശം പകര്‍ന്നു. അരിയാസിന്‍റെ പാസില്‍ കോര്‍ദോബ തൊടുത്ത ഷോട്ട് പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ഡീഗോ കോസ്റ്റ അമ്പരപ്പിക്കുംവിധമാണ്  സേവ് ചെയ്തത്. 

ആദ്യ പകുതിയുടെ അവസാന മിനിറ്റുകള്‍ മുതല്‍ മികച്ച അവസരങ്ങള്‍ പോര്‍ച്ചുഗല്‍ സൃഷ്ടിച്ചു. ബ്രൂണോ ഫെർണാണ്ടസിന്‍റെ ഷോട്ട് തൊടുത്ത ഒരു ഗോൾശ്രമം കൊളംബിയൻ കീപ്പർ കാമിലോ വർഗാസ് തട്ടിയകറ്റി. തൊട്ടുപിന്നാലെ ജാവോ ഫെലിക്സിനും ഒരു മികച്ച അവസരം ലഭിച്ചെങ്കിലും ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 90–ാം മിനിറ്റില്‍ കൊളംബിയ ഗോളടിച്ചുവെങ്കിലും വാര്‍ അനുവദിച്ചില്ല. 

നോക്കൗട്ട് ഇരുടീമുകളും ഉറപ്പിച്ചിരുന്നുവെങ്കിലും ഗ്രൂപ്പ് ചാംപ്യന്‍മാരെ നിശ്ചയിക്കുന്നതായിരുന്നു മല്‍സരം. സമനിലയോടെ 7 പോയിന്‍റുമായി കൊളംബിയ ഗ്രൂപ്പില്‍ ഒന്നാമതും പോര്‍ച്ചുഗല്‍ രണ്ടാമതുമെത്തി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!