ഒട്ടാവ: കനിഷ്ക വിമാന ദുരന്തത്തിന് പിന്നിൽ ഖാലിസ്ഥാൻ ആയിരുന്നുവെന്ന് 40 വർഷത്തിന് ശേഷം തുറന്നു സമ്മതിച്ച് കാനഡ. 1985 ജൂണ്‍ 23ന് എയർ ഇന്ത്യ വിമാനം ബോംബ് സ്ഫോടനത്തിൽ തകർന്ന് 329 പേരാണ് കൊല്ലപ്പെട്ടത്.
എയർ ഇന്ത്യയുടെ എമ്പറർ കനിഷ്ക എന്ന് അറിയപ്പെട്ടിരുന്ന ബോയിങ് 747 വിമാനം ബോംബ് വെച്ചു തകർത്തതിന് പിന്നിൽ ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് ആദ്യമായി ഔദ്യോഗികമായി സമ്മതിച്ചു.
കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ തീവ്രവാദികളാണ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്ന ഇന്ത്യയുടെ ദീർഘകാലത്തെ നിലപാടിനെ ശരിവെക്കുന്നതാണ് കനേഡിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ പുതിയ വെളിപ്പെടുത്തൽ. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരായ കനേഡിയൻ പൗരന്മാരായിരുന്നു.
ടൊറന്‍റോയിൽ നിന്നും മുംബൈയിലേക്ക് വരികയായിരുന്ന വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ചാണ് തകർന്നത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങാൻ 45 മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ്, വിമാനത്തിന്റെ ലഗേജ് കമ്പാർട്ട്മെന്റിൽ ഒളിപ്പിച്ചുവെച്ച ബോംബ് പൊട്ടിത്തെറിച്ചത്. ഈ സ്ഫോടനത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടെങ്കിലും സമുദ്രത്തിൽ നിന്നും 131 മൃതദേഹങ്ങൾ മാത്രമാണ് വീണ്ടെടുക്കാൻ കഴിഞ്ഞത്. ഖാലിസ്ഥാൻ സംഘടനയായ ബബ്ബർ ഖൽസയായിരുന്നു പിന്നിൽ എന്ന് വ്യക്തമായി.
അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിൽ ഒളിച്ചിരുന്ന സിഖ് വിഘടനവാദി നേതാവ് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയെയും അനുയായികളെയും പുറത്താക്കാൻ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉത്തരവിട്ട ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ സൈനിക നടപടിയോടുള്ള പ്രതികാരമായാണ് ഈ ഭീകരാക്രമണം നടന്നത്. കാനഡയുടെ ദേശീയ സുരക്ഷാ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമായി മാറിയ ദുരന്തം സംഭവിച്ച ജൂൺ 23നെ, ഭീകരാക്രമണ ഇരകളുടെ ദേശീയ അനുസ്മരണ ദിനമായി കനേഡിയൻ സർക്കാർ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
