കൊല്ലങ്കോട്/പാലക്കാട്: വളർത്തുനായകളെ തുറന്നുവിട്ട് എക്സൈസ് പരിശോധന തടസ്സപ്പെടുത്താൻ ശ്രമിച്ച കഞ്ചാവുകേസിലെ പ്രതിയെ പാലക്കാട്ടെ വാടകവീട്ടിൽനിന്ന് പിടികൂടി.
മേഘാലയയിൽനിന്ന് കൊല്ലങ്കോട് തപാൽ ഓഫീസിലെത്തിയ പാഴ്‌സലിൽ 7.34 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിലാണ് അറസ്റ്റ്. കൊല്ലങ്കോട് താടനാറ ത്രാമണി സ്വദേശി ജിജിറ്റിനെയാണ് (19) പാലക്കാട് പുത്തൂർ വെള്ളോലി ലെയ്‌നിലെ വാടകവീട്ടിൽനിന്ന് എക്സൈസ് സംഘം പിടികൂടിയത്.
കൊല്ലങ്കോട്ടും പാലക്കാട്ടുമുള്ള ഇയാളുടെ വീടുകളിൽ ഒരേസമയത്തായിരുന്നു പരിശോധന. രണ്ടുവീടുകളിലുമായി ഇരുപതോളം നായകളെയാണ് എക്സൈസ് സംഘത്തിനുനേരേ തുറന്നുവിട്ടത്. പരിശോധനാസംഘം പാലക്കാട്ടെ വീടിനുമുൻപിൽ നിൽക്കുമ്പോൾ ടെറസ് വഴി രക്ഷപ്പെടാനും സഹോദരനുമായി ചേർന്ന് ആൾമാറാട്ടം നടത്തി എക്സൈസ് സംഘത്തെ തെറ്റിദ്ധരിപ്പിക്കാനും ഇയാൾ ശ്രമിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു.
രണ്ടുനാളായി ഈ പ്രദേശം അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. വീട്ടിൽ വളർത്തുനായകളുണ്ടെന്ന് മനസ്സിലാക്കിയ സംഘം അവയെ അനുനയിപ്പിക്കാൻ ബിസ്കറ്റും മറ്റുമായാണ് എത്തിയത്.
ഫെബ്രുവരി നാലിനാണ് ജിജിറ്റിന്റെ വിലാസത്തിൽ കൊല്ലങ്കോട് തപാൽ ഓഫീസിലെത്തിയ പാഴ്സലിൽ കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന്, ഇയാൾ ഒളിവിലായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ സഹോദരങ്ങളായ കൊല്ലങ്കോട് തെക്കേ പാവടി ‘ശ്രീനിവാസി’ൽ ആർ. സഞ്ജയ് (22), ആർ. രാഹുൽ (26) എന്നിവരെ നേരത്തേ എക്സൈസ് അറസ്റ്റുചെയ്തിരുന്നു. ജിജിറ്റ് ജില്ലയിൽ എത്തിയതായി വിവരംകിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മേഘാലയയിൽനിന്ന് കഞ്ചാവ് അയച്ചവരെക്കുറിച്ചും പ്രതികൾക്ക് സാമ്പത്തികസഹായം നൽകിയവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കൊല്ലങ്കോട് റെയ്‌ഞ്ചിലെയും ചിറ്റൂർ സർക്കിളിലെയും ഉദ്യോഗസ്ഥർ കൊല്ലങ്കോട്ടും പാലക്കാട് സ്ക്വാഡിലെയും ചിറ്റൂർ റെയ്‌ഞ്ചിലെയും ഉദ്യോഗസ്ഥർ പാലക്കാട്ടും പരിശോധനയ്ക്കെത്തി.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ എൻ.ജി. അജയകുമാർ, പി.കെ. മുഹമ്മദ് ഷഫീഖ്, ഇൻസ്പെക്ടർമാരായ അഭിലാഷ്, തൻസീൽ താഹ, ജിതിൻ, അജു, അസി. ഇൻസ്പെക്ടർമാരായ മണി, സന്തോഷ് തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
…….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
