ബെംഗളൂരു: കന്നഡ നടി കൃഷി തപൻഡയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആർ.ആർ നഗറിലെ പ്രമുഖ ഫ്ലാറ്റ് സമുച്ചയമായ എലിഗന്റ്സ് അപ്പാർട്ട്മെന്റിലാണ് സംഭവം. 33 വയസുകാരനായ വൈശാഖാനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രിയാണ് ഇയാൾ നടിയുടെ ഫ്ലാറ്റിലെത്തിയത്. മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഫ്ലാറ്റിൽ കയറി ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നടിയും ഇയാളും തമ്മിൽ പരിചയമുള്ളതായാണ് വിവരം. സംഭവ സമയത്ത് നടി കൃഷി തപൻഡ സ്ഥലത്തില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവ് ജീവനൊടുക്കാനുള്ള കാരണങ്ങളെ പറ്റി അന്വേഷിച്ച് വരികയാണ്. ഇതിൻ്റെ ഭാഗമായി നടിയെയും മരിച്ച യുവാവിന്റെ കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്യും.
വൈശാഖിൻ്റെ മുൻകാല ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. വ്യവസായിയായ അരവിന്ദ് റെഡ്ഡിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ വൈശാഖ് നേരത്തെ അറസ്റ്റിലായിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഈ സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ എച്ച്എഎൽ പൊലീസ് സ്റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തിരുന്നു.
ആർആർ നഗർ പൊലീസ് ഫ്ലാറ്റിലെത്തി പ്രാഥമിക പരിശോധന നടത്തി ഫോറൻസിക് തെളിവുകൾ ശേഖരിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതർ പറഞ്ഞു.
സംഭവം കന്നഡ ചലച്ചിത്ര ലോകത്ത് വലിയ ചർച്ചയ്ക്കാണ് തുടക്കമിട്ടത്. മരണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്നാൽ, അന്വേഷണം അതിന്റെ പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
