‘ആദ്യം ടി.ജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യ് സാറേ…’; കേരള പോലീസിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

News Desk
1 Min Read

കോഴിക്കോട്: സമൂഹ മാധ്യമങ്ങളില്‍ കാണുന്നതെല്ലാം സത്യമാകണമെന്നില്ലെന്ന കേരള പൊലീസിന്റെ പോസ്റ്റിന് താഴെ ആര്‍എസ്എസ് നേതാവ് ടി.ജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാന്‍ ആഹ്വാനം.

രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞ ടി.ജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാന്‍ വകുപ്പില്ലേയെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളെയടക്കം അധിക്ഷേപിച്ച മോഹന്‍ദാസിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പത്ത് ദിവസം പിന്നിട്ടിട്ടും മോഹന്‍ദാസിനെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. എവൈഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിൽ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

വിദ്യാര്‍ഥികളെ അധിക്ഷേപിക്കുന്ന മോഹന്‍ദാസിന്റെ വീഡിയോ ഇപ്പോഴും യൂട്യൂബില്‍ തുടരുന്നുണ്ട്. മാത്രമല്ല, വിവാദങ്ങള്‍ക്ക് ശേഷവും മോഹന്‍ദാസ് വീഡിയോ ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിന് താഴെ മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നത്.

‘സമൂഹ മാധ്യമങ്ങളില്‍ കാണുന്നതെല്ലാം സത്യമാകണമെന്നില്ല. പ്രതികരിക്കും മുന്നേ ഒരു നിമിഷം ചിന്തിക്കൂ,’ എന്നായിരുന്നു കേരള പൊലീസിന്റെ പോസ്റ്റ്. പോസ്റ്റിനൊപ്പം ഒരു ചിത്രവും പങ്കുവെച്ചിരുന്നു. റിയല്‍ ലൈഫിലും റീല്‍ ലൈഫിലുമുള്ള വ്യത്യാസമാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

‘മുഖ്യമന്ത്രിയെ ട്രോളിയെന്ന് പറഞ്ഞ് ഇതേ വകുപ്പ് വെച്ച് ഒരു ചെറുപ്പക്കാരനെ കോഴിക്കോട് അറസ്റ്റ് ചെയ്തിരുന്നല്ലോ, വിദ്യാര്‍ഥികളെ കൂട്ടബലാത്സംഗം ചെയ്ത് വെടിവെച്ച് കൊല്ലണമെന്ന് പറഞ്ഞ ടി.ജി മോഹന്‍ദാസിനെ ജയിലില്‍ കിടത്തി കാണിക്ക്, ടി.ജി മോഹന്‍ദാസിനെ കണ്ടാല്‍ പൊലീസ് ഏമാന്‍മാര്‍ കൂട്ടിരിക്കും. ദിവസവും ഫേസ്ബുക്ക് വഴി വിഷം തുപ്പുന്നവരെ പൊലീസ് ഏമാന്മാര്‍ കാണില്ല, അതിവിടെ വന്ന് പറയാതെ സമൂഹ മാധ്യമങ്ങളില്‍ തെറ്റും വര്‍ഗീയതയും പറയുന്നവനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യൂ പൊലീസേ,’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!