കോഴിക്കോട്: മദ്യനികുതി ഇളവിലും പിഎം ശ്രീ വിഷയത്തിലും സംസ്ഥാന സർക്കാരിനെ വിമർശിച്ച് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. 1926 ജൂൺ 26 ന് കോഴിക്കോട് ഖാളി സയ്യിദ് ഹാശിം ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത രൂപീകൃതമായ വേദിയായ കോഴിക്കോട് ടൗൺഹാളിൽ സമസ്തയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമസ്‌ത സ്ഥാപകദിന സംഗമത്തിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ഈ പ്രതികരണം.
സംസ്ഥാനത്ത് മദ്യവ്യാപനത്തിന് വഴിയൊരുക്കുന്ന നടപടികൾ പ്രോത്സാഹിപ്പിക്കരുത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയിൽ നിന്നു സർക്കാർ പിന്മാറണം. നികുതി കുറയ്ക്കുന്നത് കുരങ്ങന് ഏണി വച്ചുകൊടുക്കുന്നത് പോലെയാകും. മദ്യത്തിന്റെ വിലക്കുറവ് മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് സഹായമാകും. മദ്യനിരോധനത്തിലേക്ക് ആണ് പോകേണ്ടത്. ലഹരി വ്യാപനം തടയുന്നതിന് സർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം സർക്കാരിന്റെ ജനോപകാരപ്രദമായ മുഴുവൻ നടപടികളുമായും സമസ്ത സഹകരിക്കുമെന്നും വ്യക്തമാക്കി.
കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തെ തകിടം മറിക്കുന്ന പിഎം ശ്രീ പദ്ധതി കേരളം ഉപേക്ഷിക്കണം. നേരത്തെ തന്നെ ഇരുമുന്നണികളും ഇക്കാര്യത്തെ എതിർത്തതാണ്. ആര് ഭരിച്ചാലും മുഖം നോക്കാതെ രാഷ്ട്രീയ കാര്യങ്ങൾ ഞങ്ങൾ പറയാറുണ്ട്. പിഎം ശ്രീ പദ്ധതി കൊണ്ടുവന്നപ്പോൾ പ്രതിപക്ഷത്തായിരുന്നവർ ഇപ്പോൾ ഭരണപക്ഷത്താണ്. ഈ രണ്ടു വിഭാഗവും ഒരുപോലെ എതിർത്ത വിഷയമായതുകൊണ്ട് ആ തീരുമാനത്തിനെതിരെ ഇന്നത്തെ സർക്കാർ നിലപാടെടുക്കണം എന്ന് ഓർമപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
