കൊച്ചി: ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഛര്‍ദിയും വയറിളക്കവും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജിന് താത്ക്കാലിക അവധി പ്രഖ്യാപിച്ചു. ഹോസ്റ്റലില്‍ താമസിക്കുന്ന 25 വിദ്യാര്‍ഥികള്‍ക്കാണ് ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടത്.
രോഗബാധിതരില്‍ ഏറെയും പെണ്‍കുട്ടികളാണ്. ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് വയറിളക്കം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോളേജ് കാമ്പസിലെ ജലസംഭരണികള്‍ ശുചീകരിച്ച് ക്ലോറിനേഷന് നടത്തണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്കി. പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യവിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്.
കോളേജ് കാമ്പസിലെ ജല സംഭരണികളില്‍ നിന്നുള്ള വെള്ളമാണ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്നത്. ഈ വെള്ളത്തില്‍ നിന്നാകാം രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് കാമ്പസിലെ എല്ലാ ജല സംഭരണികളും ശുചീകരിച്ച് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കോളേജ് അധികൃതര്‍ അറിയിച്ചു. വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
