ഭോപാൽ: ഭർത്താവിന്റെ ക്രൂരമായ മർദനത്തിനെതിരെ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് പോയ മുപ്പത്തിയഞ്ചുകാരിയെ ഭർത്താവ് വഴിയിൽ വച്ച് ക്രൂരമായി കൊലപ്പെടുത്തി.
മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ദിംനി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സഹരിയൻ കാ പുര ഗ്രാമത്തിലാണ് സംഭവം. നിഷാ ജാതവ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് ധർമേന്ദ്ര ജാതവിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
പോലീസ് പറയുന്ന വിവരങ്ങൾ പ്രകാരം, തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ദമ്പതികളുടെ വീട്ടിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. തർക്കം പിന്നീട് അക്രമണത്തിൽ കലാശിക്കുകയായിരുന്നു. ധർമേന്ദ്ര ഭാര്യയെ വീട്ടിൽ വച്ച് ക്രൂരമായി മർദിച്ചു. ഭർത്താവിന്റെ മർദനത്തിൽ മനംനൊന്ത്, പരാതി നൽകാനായി ദിംനി പൊലീസ് സ്റ്റേഷനിലേക്ക് നടന്നുപോയ നിഷയെ ധർമേന്ദ്ര പിന്തുടരുകയായിരുന്നു.
പൊലീസ് സ്റ്റേഷനിലെത്തുന്നതിന് മുൻപ് ഒരു കൃഷിയിടത്തിന് സമീപം വച്ച് നിഷയെ തടഞ്ഞുനിർത്തിയ ധർമേന്ദ്ര, ഇരുമ്പുവടികൊണ്ട് തലയുടെ പിൻഭാഗത്ത് ശക്തമായി അടിച്ചു. തലയ്ക്കേറ്റ ഗുരുതരമായ പരുക്കിനെ തുടർന്ന് നിഷ സംഭവസ്ഥലത്തുതന്നെ മരിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മൊറേന ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ധർമേന്ദ്രയും നിഷയും വിവാഹിതരായിട്ട് 15 വർഷത്തോളമായി. ഇവർക്ക് ഒരു മകനും മൂന്ന് പെൺമക്കളുമുണ്ട്. നിഷ മുൻപും പലതവണ ഭർത്താവിന്റെയും വീട്ടുകാരുടെയും ഭാഗത്തുനിന്ന് കടുത്ത ഗാർഹിക പീഡനങ്ങൾ നേരിട്ടിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
