ഡിജിറ്റലായി സുപ്രധാന കരാറിൽ ഒപ്പുവച്ച് യുഎസും ഇറാനും, 19 ന് ജനീവയിൽ ഔദ്യോഗിക ഒപ്പിടൽ; ട്രംപ് ഫ്രാൻസിൽ, മോദിയുമായി നാളെ കൂടിക്കാഴ്ച

News Desk
2 Min Read

പാരിസ്: ലോകം ഉറ്റുനോക്കുന്ന അമേരിക്ക – ഇറാൻ സമാധാന കരാറിൽ ഇരു രാജ്യങ്ങളും ഡിജിറ്റലായി ഒപ്പുവെച്ചതായി യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. അതീവ രഹസ്യമായാണ് കരാർ വിവരങ്ങൾ ഇരു രാജ്യങ്ങളും സൂക്ഷിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ജനീവയിൽ വെച്ച് അമേരിക്കയും ഇറാനും കരാറിൽ ഔദ്യോഗികമായി നേരിട്ട് ഒപ്പുവെക്കുമെന്നാണ് വിവരം.

അതുവരെ ധാരണയുടെ കൂടുതൽ വിശദാംശങ്ങൾ രഹസ്യമാക്കി വെക്കാനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. യു എസുമായി ഉണ്ടാക്കിയ ഈ ധാരണ ഒരു അന്തിമ സമാധാന കരാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഹോർമൂസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകുന്ന കാര്യത്തിൽ ഇപ്പോഴും ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്.

കൂടാതെ, ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം, ആണവ നിയന്ത്രണങ്ങൾ, അമേരിക്കൻ ഉപരോധങ്ങൾ ഘട്ടങ്ങളായി പിൻവലിക്കുന്ന രീതി തുടങ്ങിയ നിർണായക വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും പൂർണ്ണമായ സമവായത്തിൽ എത്തിയിട്ടില്ലെന്നാണ് സൂചന. ഈ തർക്കവിഷയങ്ങളിൽ വ്യക്തത വരുത്തുന്നതിനായി വരും ദിവസങ്ങളിൽ ഇരുപക്ഷവും തമ്മിൽ തുടർചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്രാൻസിലെത്തി. സന്ദർശനത്തിന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉച്ചകോടിക്കിടെ മറ്റ് ജി 7 നേതാക്കളുമായും ട്രംപ് നിർണായക ചർച്ചകൾ നടത്തും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. മോദി – ട്രംപ് കൂടിക്കാഴ്ച്ച് ബുധനാഴ്ച വൈകുന്നേരം ആറരയ്ക്കായിരിക്കുമെന്നാണ് വിവരം. തർക്കവിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിലും മോദിയും ട്രംപും ചർച്ച നടത്തിയേക്കും. വിവിധ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ അകൽച്ച നിലനിൽക്കെയാണ് പതിനാറ് മാസത്തിന് ശേഷം മോദിയും ട്രംപും കൂടിക്കാഴ്ച്ച നടത്താൻ പോകുന്നത്.

ചർച്ചയിലെ പ്രതീക്ഷകൾ
ഇന്ത്യ – അമേരിക്ക വ്യാപാര കരാർ, അമേരിക്കയുടെ തീരുവ നയം, H-1B വിസ നിയന്ത്രണം, ഊർജസുരക്ഷ, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, ഇന്ത്യൻ നാവികർക്ക് നേരെയുള്ള ആക്രമണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകുമെന്നാണ് സൂചന. പശ്ചിമേഷ്യയിലെ സ്ഥിതിഗതിയും നേതാക്കൾ വിലയിരുത്തും. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ആഗോള എണ്ണവിതരണ ശൃംഖലയെ ബാധിക്കുന്ന പ്രത്യാഘാതങ്ങളും ഇന്ത്യയുടെ ആശങ്കയായി മോദി മുന്നോട്ടുവെക്കാനിടയുണ്ട്. സമീപകാലത്ത് തീരുവ തർക്കവും റഷ്യൻ എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകളും ഉണ്ടായിരുന്നെങ്കിലും, ഇരു രാജ്യങ്ങളും വ്യാപാര കരാറിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷ. ഓപ്പറേഷൻ സിന്ദൂറിനു ശേഷം സംഘർഷം അവസാനിപ്പിക്കാൻ താനാണ് ഇടപെടൽ നടത്തിയത് എന്ന് ട്രംപ് പലക്കുറി അവകാശവാദം ഉന്നയിച്ചിരുന്നു.

ഈക്കാര്യങ്ങളിൽ മോദി എന്ത് നിലപാട് അറിയിക്കുമെന്നതും പ്രധാനമാണ്. വിഷയം പ്രതിപക്ഷം വലിയ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ഇതിനിടെ അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇന്ത്യ, അമേരിക്കയോട് നിരുപാധിക മാപ്പ് ആവശ്യപ്പെടേണ്ടതായിരുന്നുവെന്ന് കോൺഗ്രസ് പ്രതികരിച്ചു. കീഴടങ്ങിയ മോദി വീണ്ടും നിശബ്ദത തുടരുകയാണ് എന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അമേരിക്കൻ അമേരിക്കൻ വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോയും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷം അമേരിക്കൻ പ്രസ്താവന പുറത്ത് വന്നിരുന്നു. ഇതിൽ ഖേദം പ്രകടിപ്പിക്കുന്നതിന് പകരം അമേരിക്ക മുന്നറിയിപ്പ് നൽകുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ശശി തരൂർ അടക്കം നേതാക്കൾ വിമർശിച്ചിരുന്നു. ഉപരോധം ലംഘിക്കുന്ന ഒരു നടപടിയും സഹിക്കില്ല എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. അതുകൊണ്ടുതന്നെ ട്രംപിനോട് മോദി നേരിട്ട് പ്രതിഷേധം അറിയിക്കുമോ എന്നത് പ്രധാനമാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article