ഒമാനിലെ തുറമുഖത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു; ഫ്രീസറില്ല, ജീർണിക്കാതിരിക്കാൻ തണുത്ത വെള്ളം നിറച്ച കുപ്പികൾ

News Desk
1 Min Read

ന്യൂഡൽഹി: ഒമാനിലെ ദുഖ്മ് തുറമുഖത്ത് നിർത്തിയിട്ടിരുന്ന കപ്പലിൽ ഇന്ത്യൻ നാവികൻ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മരിച്ചു. മസ്കറ്റിലെ ഇന്ത്യൻ എംബസി വിവരം സ്ഥിരീകരിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി എംബസി അറിയിച്ചു.

എംടി സെലസ്റ്റിയൽ എന്ന കപ്പലിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയായ നിശാന്ത് ഉയിർതനാഥനാണു (35) മരിച്ചത്. ശനിയാഴ്ചയാണ് അദ്ദേഹം വൈദ്യസംബന്ധമായ സങ്കീർണതകൾ മൂലം മരിച്ചതെന്ന് എംബസി സ്ഥിരീകരിച്ചു. മരണത്തിനിടയാക്കിയ കൃത്യമായ രോഗവിവരങ്ങൾ എംബസി പുറത്തുവിട്ടില്ല.

‘‘ദുഖ്മ് തുറമുഖത്ത് നിർത്തിയിട്ട കപ്പലിൽ ആരോഗ്യ കാരണങ്ങളാൽ ജീവൻ നഷ്ടമായ ഇന്ത്യൻ പൗരൻ നിശാന്ത് ഉയിർതനാഥന്റെ കുടുംബാംഗങ്ങൾ, കപ്പൽ ജീവനക്കാർ, ബന്ധപ്പെട്ട അധികൃതർ എന്നിവരുമായി എംബസി സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു’’ – എംബസി കൂട്ടിച്ചേർത്തു. 

ഹോർമുസ് കടലിടുക്കിലെ യുഎസ് ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിന് എംടി സെലസ്റ്റിയൽ കപ്പൽ നേരത്തെ യുഎസ് സെൻട്രൽ കമാൻഡിന്റെ പരിശോധനയ്ക്കു വിധേയമായിരുന്നു. മേയ് 20 ന് യുഎസ് മറീൻസ് കപ്പൽ തടഞ്ഞ് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കിട്ടാതെ വിട്ടയച്ചു. കപ്പലിലെ ജീവനക്കാരോടു വഴി മാറ്റാൻ ആവശ്യപ്പെട്ടതായും യുഎസ് അറിയിച്ചിരുന്നു. 

സമയത്ത് ചികിത്സ കിട്ടാത്തതിനാലാണ് നിശാന്ത് മരിച്ചതെന്ന് ആരോപിച്ച് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്സിയുഐ) രംഗത്തെത്തി. ജൂൺ 11നാണ് നിശാന്ത് മരിച്ചതെന്നും രണ്ടു ദിവസമായി മൃതദേഹം കൃത്യമായി ഫ്രീസ് ചെയ്യാൻ പോലുമാകാത്ത സാഹചര്യത്തിലൂടെയാണ് കപ്പലിലെ ജീവനക്കാർ കടന്നുപോകുന്നതെന്നും എഫ്സിയുഐ എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. തണുത്തവെള്ളം നിറച്ച കുപ്പികൾ അടുക്കിവച്ചാണ് ജീവനക്കാർ മൃതദേഹം ജീർണിച്ചുപോകാതെ സൂക്ഷിക്കുന്നതെന്നും ഇവരുടെ കുറിപ്പിൽ പറയുന്നു. പലവട്ടം ഡിസ്ട്രസ് കോളുകൾ നടത്തിയിട്ടും സമയത്തിന് മെഡിക്കൽ ഇവാക്വേഷൻ നടത്താനായില്ലെന്നും ഇവർ പറയുന്നു. ജൂൺ 8നാണ് രോഗബാധിതനായത്. തുടർച്ചയായി ഛർദ്ദിക്കുകയായിരുന്നുവെന്നും കപ്പൽ കമ്പനിയെ വിവരം അറിയിച്ചെങ്കിലും അവർ പ്രതികരിച്ചില്ല, പിന്നീട് അബോധാവസ്ഥയിലായ നിശാന്ത് മരിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article