ഹോർമുസ് കടലിടുക്കിനു സമീപമാണ് യുഎസ് കപ്പലിനു നേരെ ഇറാന്റെ ആക്രമണമുണ്ടായതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇറാന്റെ വാദം യുഎസ് സൈന്യം തള്ളി.
ബെയ്റൂട്ടിനെതിരായ ആക്രമണത്തിൽ നിശബ്ദത പാലിക്കില്ലെന്ന് ഇറാൻ. ബെയ്റൂട്ടിനെതിരായ ഏതൊരു ആക്രമണവും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യുദ്ധം പുനരാരംഭിക്കുന്നതിലേക്ക് നയിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി.
കുവൈത്തിനുനേരെ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനെതിരെ കടുത്ത നയതന്ത്ര നടപടിയുമായി കുവൈത്ത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ ആവശ്യപ്പെട്ടു.
ഇറാൻ ആക്രമണത്തെ തുടർന്ന് താൽക്കാലികമായി അടച്ച കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. വരും മണിക്കൂറുകൾക്കകം വിമാനത്താവളം പൂർണ്ണ സജ്ജമാകുമെന്നും സർവീസുകൾ ക്രമേണ സാധാരണ നിലയിലാകുമെന്നും കുവൈത്ത് എയർവേയ്സ് ചെയർമാൻ അബ്ദുൽമൊഹ്സൻ അൽഫഗാൻ വ്യക്തമാക്കി. വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാൻ വിവിധ ഏജൻസികൾ ഏകോപിതമായി രംഗത്തുണ്ട്. യാത്രക്കാർക്ക് അവരുടെ വിമാനങ്ങളുടെ പുതുക്കിയ സമയക്രമം സംബന്ധിച്ച വിവരങ്ങൾ നേരിട്ട് അറിയിക്കുമെന്ന് അധികൃതർ ഉറപ്പുനൽകുന്നു.
ബഹ്‌റൈനിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണങ്ങൾ തുടരുകയാണെന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് ജനറൽ കമാൻഡ്. ഇറാന്റെ ശത്രുതാപരമായ സമീപനത്തിന്റെ ഭാഗമായാണ് ഈ വ്യോമാക്രമണങ്ങൾ.ശത്രു ലക്ഷ്യങ്ങളെ പ്രതിരോധിച്ച ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, രാജ്യത്തിന് നേരെ വന്ന മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളും വിജയകരമായി തകർത്തു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സേനയുടെ എല്ലാ വിഭാഗങ്ങളും യൂണിറ്റുകളും നിലവിൽ ഏറ്റവും ഉയർന്ന പ്രതിരോധ സജ്ജീകരണത്തിലും ജാഗ്രതയിലുമാണെന്ന് ജനറൽ കമാൻഡ് വ്യക്തമാക്കി.
ഇറാൻ നടത്തിയ ആക്രമണത്തിന്റെ അവശിഷ്ടങ്ങളോ, അപരിചിതവും സംശയാസ്പദവുമായ മറ്റ് വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ആരും അതിനടുത്തേക്ക് പോകരുതെന്നും തൊടരുതെന്നും സൈന്യം കർശന നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ കണ്ടാലുടൻ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കണം. പൊതുജനങ്ങളുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഇത്തരം സ്ഫോടകവസ്തുക്കൾ സുരക്ഷിതമായും പ്രഫഷണലായും കൈകാര്യം ചെയ്യാൻ റോയൽ ഫീൽഡ് എൻജിനിയറിങ് യൂണിറ്റ് പൂർണ സജ്ജമാണെന്നും ജനറൽ കമാൻഡ് കൂട്ടിച്ചേർത്തു.
കുവൈത്ത് വിമാനത്താവളത്തിലെ ടി 1 ടെർമിനലിനു നേരെ ഡ്രോൺ ആക്രമണവുമായി ഇറാൻ. നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. വിമാനത്താവളത്തിലെ നിരവധി സൗകര്യങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചെു. അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സർവീസുകൾ നിർത്തിവച്ചു. ലാൻഡ് ചെയ്യാനുള്ള വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.
……
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
