പോലീസ് ക്രൂരതയുടെ നടുക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് രാഹുൽ ഗാന്ധി, ‘പ്രധാനമന്ത്രി മാപ്പ് പറയണം

News Desk
1 Min Read

ദില്ലി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തിലടക്കം വിശദീകരണവുമായി കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണ്ണമായി തകർക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് വിമർശിച്ച രാഹുൽ ഗാന്ധി, തിങ്കളാഴ്ച സി ജെ പി പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന ക്രൂരമായ ലാത്തിച്ചാർജിന്റെയും പൊലീസ് അതിക്രമച്ചിന്‍റെയും ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് വാർത്താ സമ്മേളനം നടത്തി.

രാജ്യത്തെ വിദ്യാർഥികൾ ചെയ്ത തെറ്റെന്താണെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, തങ്ങളുടെ പരാതികൾ കേൾക്കണമെന്ന് മാത്രമാണ് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി. ലോക പ്രശസ്തമായിരുന്ന ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ഇന്ന് പൂർണ്ണമായും സങ്കീർണ്ണവും അഴിമതി നിറഞ്ഞതുമായി മാറിയിരിക്കുകയാണെന്നും കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ കുറ്റപ്പെടുത്തി.

നീറ്റ് പരീക്ഷയുടേതടക്കം രാജ്യത്ത് ഇതുവരെ 152 പേപ്പർ ലീക്ക് സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ഇത് ഏഴരക്കോടിയോളം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇത്രയധികം തട്ടിപ്പുകൾ നടന്നിട്ടും കുറ്റക്കാർക്കെതിരെ യാതൊരു ശിക്ഷാ നടപടിയും ഉണ്ടായിട്ടില്ല. നീറ്റ് പരീക്ഷയ്ക്കായി സർക്കാർ ബജറ്റിൽ വകയിരുത്തുന്ന തുകയിലും വലിയ തട്ടിപ്പുകളാണ് നടക്കുന്നത്. വിദ്യാർത്ഥികളുടെ കുടുംബങ്ങളെ കൊള്ളയടിക്കുന്ന ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ ഒരു സംഘം ആളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന് മുന്നിൽ 3 ആവശ്യങ്ങൾ
കേന്ദ്ര സർക്കാരിന് മുന്നിൽ 3 സുപ്രധാന ആവശ്യങ്ങളും പ്രതിപക്ഷ നേതാവ് മുന്നോട്ടുവച്ചു. വിദ്യാഭ്യാസ മന്ത്രിയായി തുടരാൻ ധർമ്മേന്ദ്ര പ്രധാൻ യോഗ്യനല്ലെന്നും അദ്ദേഹം രാജിവെക്കണമെന്നതാണ് ഒന്നാമത്തെ ആവശ്യം. വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നും രാഹുൽ പ്രഖ്യാപിച്ചു. വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ച പൊലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നതാണ് രണ്ടാമത്തെ ആവശ്യം.

സമരം ചെയ്ത വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നതാണ് രാഹുൽ മുന്നോട്ടുവച്ച മൂന്നാമത്തെ ആവശ്യം. വിദ്യാഭ്യാസ മേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും അതിനുവേണ്ടിയുള്ള അതിശക്ത പ്രക്ഷോഭവുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article