ടിക് ടോക്ക് തര്‍ക്കത്തിനൊടുവില്‍ മലയാളി കൊല്ലപ്പെട്ട സംഭവം; കൂടുതൽ അറസ്റ്റ്

News Desk
1 Min Read

ഷാര്‍ജ: ടിക് ടോക്കിലെ തര്‍ക്കത്തെ തുടര്‍ന്ന് മലയാളി കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൂടുതൽ അറസ്റ്റ്. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മായില്‍ പൊന്നന്‍ ഇബ്രാഹിം കുട്ടി (40) എന്നയാളാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

ടിക് ടോക്കിലുണ്ടായ തര്‍ക്കത്തിനൊടുവിലായിരുന്നു കൊലപാതകം. കഴിഞ്ഞ ദിവസം തന്നെ സംഭവത്തില്‍ ഒന്നിലധികം പേരെ ഷാര്‍ജ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കൊല്ലപ്പെട്ട ഇസ്മായില്‍ ടിക് ടോക് അടക്കമുള്ള സോഷ്യല്‍മീഡിയകളില്‍ സജീവമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ടിക് ടോക് ലൈവിനിടയില്‍ ഇസ്മായില്‍ മറ്റ് ചിലരുമായി തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ നേരിട്ട് കാണാം എന്ന വെല്ലുവിളി വരെ എത്തി.

ചേരിതിരിഞ്ഞുള്ള തര്‍ക്കത്തിനൊടുവില്‍ അല്‍ നഹ്ദയിലെ പാര്‍ക്കില്‍ നേരിട്ടു വരാന്‍ ഇസ്മായില്‍ വെല്ലുവിളിച്ചുവെന്നും ലൈവ് കണ്ടവര്‍ പറയുന്നു. ഇതിനു ശേഷം ഇസ്മയിലും പ്രതികളും സ്ഥലത്തെത്തി. തുടര്‍ന്നുണ്ടായ തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. നിരവധി പേര്‍ നോക്കി നില്‍ക്കേയായിരുന്നു കയ്യാങ്കളി. ഇതിനിടയില്‍ ഇസ്മായിലെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തുകയായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

പരിക്കേറ്റ ഇസ്മയിലിനെ ഉടന്‍ തന്നെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം, കണ്ണൂര്‍ സ്വദേശികളാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പട്ടാപ്പകല്‍ ഷാര്‍ജയില്‍ നടന്ന കയ്യാങ്കളിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഷാര്‍ജയില്‍ ഒരു ബേക്കറിയിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട ഇസ്മായില്‍.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!