ഐപിഎൽ ഫൈനൽ; ബംഗളുരുവിൽ പൊതു ആഘോഷങ്ങൾക്കും ബൈക്ക് റാലികൾക്കും കടുത്ത വിലക്ക്

News Desk
2 Min Read

ബെംഗളൂരു: മെയ് 31-ന് നടക്കുന്ന ഐപിഎൽ 2026 കലാശപ്പോരാട്ടത്തിന് മുന്നോടിയായി നഗരത്തിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ബംഗളുരു സിറ്റി പോലീസ് പൊതു ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

റോയൽ ചലഞ്ചേഴ്സ് ബംഗളുരു ഫൈനലിൽ പ്രവേശിച്ച പശ്ചാത്തലത്തിൽ, ഫൈനൽ മത്സരത്തിന് ശേഷം പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും, നിയമവും സമാധാനവും പാലിക്കണമെന്നും നഗരവാസികളോടും ക്രിക്കറ്റ് ആരാധകരോടും പോലീസ് വെള്ളിയാഴ്ച അഭ്യർത്ഥിച്ചു.

അനിഷ്ട സംഭവങ്ങൾ തടയുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി കടുത്ത നിയന്ത്രണങ്ങളാണ് നഗരത്തിലുടനീളം നടപ്പിലാക്കുന്നത്. മത്സരഫലം പ്രഖ്യാപിച്ചതിന് ശേഷം പൊതുസ്ഥലങ്ങളിൽ യാതൊരുവിധത്തിലുള്ള കൂട്ടംചേർന്നുള്ള ആഘോഷങ്ങളും പാടില്ലെന്ന് സിറ്റി പോലീസ് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.

കൂടാതെ, ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ റോഡുകളിലേക്ക് അഭിമുഖമായി വലിയ എൽഇഡി വാളുകൾ സ്ഥാപിക്കാൻ പാടില്ല. നിലവിലുള്ള വലിയ സ്‌ക്രീനുകൾ മത്സരം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പരസ്യമായി പ്രദർശിപ്പിക്കാൻ ഉപയോഗിക്കരുതെന്നും, മാളുകൾ, പബ്ബുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറത്ത് വലിയ സ്ക്രീനുകൾ സ്ഥാപിക്കുന്നത് പൂർണ്ണമായി നിരോധിച്ചതായും അധികൃതർ വ്യക്തമാക്കി.

ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ പൊട്ടിക്കുന്നതും അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതും പോലീസ് വിലക്കിയിട്ടുണ്ട്. ജനത്തിരക്കേറിയ സ്ഥലങ്ങളിൽ സമാധാനവും അച്ചടക്കവും പാലിക്കാൻ നഗരവാസികൾ ബാധ്യസ്ഥരാണ്.

ബൈക്ക് റാലികൾ, അമിതവേഗത, അപകടകരമായ രീതിയിലുള്ള സ്റ്റണ്ടുകൾ, ഹോണുകളുടെ ദുരുപയോഗം, റോഡ് ഉപരോധം തുടങ്ങിയ എല്ലാത്തരം ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെയും കർശന നടപടിയുണ്ടാകും.

ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്നും പോലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നതും, ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും, വഴക്കുകളിൽ ഏർപ്പെടുന്നതും, മോശമായി പെരുമാറുന്നതും കടുത്ത ശിക്ഷാനടപടികൾ ക്ഷണിച്ചുവരുത്തും.

ഇതോടൊപ്പം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകോപനപരമായ പോസ്റ്റുകളോ, വിദ്വേഷ സന്ദേശങ്ങളോ, വ്യാജവാർത്തകളോ പ്രചരിപ്പിക്കരുതെന്ന് പോലീസ് കർശന മുന്നറിയിപ്പ് നൽകി.എതിർ ടീമിന്റെ ആരാധകരെ തരംതാഴ്ത്തുന്ന രീതിയിലോ പ്രകോപിപ്പിക്കുന്ന രീതിയിലോ ഉള്ള പെരുമാറ്റങ്ങൾ ഉണ്ടാകരുതെന്നും ഇത് വലിയ സംഘർഷങ്ങളിലേക്ക് നയിക്കരുതെന്നും ആരാധകർക്ക് പ്രത്യേക നിർദ്ദേശമുണ്ട്.

“ക്രമസമാധാനവും പൊതുസമാധാനവും ജനങ്ങളുടെ സുരക്ഷയും നിലനിർത്തുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്,” എന്ന് വ്യക്തമാക്കിയ സിറ്റി പോലീസ്, ഐപിഎൽ ഫൈനൽ ദിനത്തിൽ നഗരത്തിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ പൊതുജനങ്ങളുടെ പൂർണ്ണ സഹകരണം അഭ്യർത്ഥിച്ചു.

കഴിഞ്ഞ വർഷം ആർസിബി കിരീടം നേടിയതിന് പിന്നാലെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പോലീസ് ഇത്തവണ സുരക്ഷാ നടപടികൾ ശക്തമാക്കിയിരിക്കുന്നത്.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!