വി.ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ നാളെ നടക്കാനിരിക്കെ വകുപ്പുകളുടെ കാര്യത്തില്‍ ചിത്രം കൂടുതല്‍ തെളിയുന്നു. മുഖ്യമന്ത്രി രണ്ടു വകുപ്പുകള്‍ കൈകാര്യം ചെയ്യുമെന്നാണ് സൂചന. ധനവകുപ്പും തുറമുഖവും വി.ഡി സതീശനെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും ലഭിച്ചേക്കും. സണ്ണി ജോസഫിന് റവന്യു വകുപ്പ് ലഭിച്ചേക്കും.
ആരോഗ്യം–കെ.മുരളീധരന്‍, എക്സൈസ് – എംലിജു, എ.പി അനില്‍ കുമാറിന് ടൂറിസം നല്‍കിയേക്കും. ചാണ്ടി ഉമ്മന് കായികമോ യുവജനക്ഷേമമോ ലഭിച്ചേക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സാധ്യത. ഷാനിമോള്‍ ഉസ്മാന്‍ ഡപ്യൂട്ടി സ്പീക്കറായേക്കും
കോണ്‍ഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് ഉച്ചയോടെ പുറത്തുവരും. മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാരാകും കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാവുക. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും . സണ്ണി ജോസഫ്, K.മുരളീധരന്‍, P.C.വിഷ്ണുനാഥ്, ചാണ്ടി ഉമ്മന്‍, M.ലിജു, A.P.അനില്‍കുമാര്‍ എന്നിവരാണ് മന്ത്രി സ്ഥാനം ഉറപ്പിച്ചത്. അന്‍വര്‍ സാദത്തിനും I.C.ബാലകൃഷ്ണനുമായി സമ്മര്‍ദം ശക്തമാണ്. നാല് ജില്ലകള്‍ക്ക് പ്രാതിനിധ്യത്തിന് സാധ്യത മങ്ങി . കാസര്‍കോട് , തൃശൂര്‍ , ഇടുക്കി , പത്തനംതിട്ട ജില്ലകളില്‍ നിന്ന് മന്ത്രിമാരുണ്ടാകില്ല. കാസര്‍കോടിനെ അവഗണിക്കരുതെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി തന്നെ ആവശ്യമുയര്‍ത്തിക്കഴിഞ്ഞു. വനിതാ പ്രാതിനിധ്യവും നിലവിലെ ചര്‍ച്ചകളില്‍ ശുഷ്കമാണ്. ബിന്ദു കൃഷ്ണ മാത്രമാണ് മന്ത്രി സ്ഥാനം ഏകദേശം ഉറപ്പിച്ചിരിക്കുന്നത്.
മുസ്്ലിം ലീഗിന്റെ മന്ത്രിമാരെ ഇന്നുച്ചയോടെ പ്രഖ്യാപിക്കും. പി കെ കുഞ്ഞാലിക്കുട്ടിക്കും എൻ ഷംസുദ്ദീനും പുറമേ മധ്യകേരളത്തിൽ നിന്നുള്ള വി ഇ അബ്ദുൽ ഗഫൂറിനെ മന്ത്രിയാക്കണമെന്ന ആവശ്യവും സജീവ പരിഗണനയിലാണ്. മലപ്പുറത്ത് നിന്ന് പി കെ ബഷീർ അല്ലെങ്കിൽ കെഎം ഷാജിയുടെ പേരാണ് പട്ടികയിലുള്ളത്. ചർച്ചകൾക്കിടെ പികെ ബഷീർ, കെഎം ഷാജി എന്നിവരെ മാറ്റിനിർത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.
അതിനിടെ മുസ്‍ലിം ലീഗ് നേതാവ് പി.കെ.ബഷീറിന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ പ്രചരണം. പി കെ ബഷീറിന് മന്ത്രി ആവാൻ അവസരം ലഭിക്കില്ലെന്ന് അഭ്യൂഹം വരുന്നതോടെ പ്രതിഷേധമുയർത്തിയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരണം. സീതി ഹാജിയോട് ചെയ്ത തെറ്റ് പി കെ ബഷീറിനോടും ആവർത്തിക്കരുതെന്ന മുന്നറിയിപ്പുകളുമായാണ് പ്രചരണം. പരിചയമില്ലാത്ത എംഎൽഎമാരെ പരിഗണിക്കുന്നതിന് പകരം അനുഭവസമ്പത്ത് കൊണ്ട് കരുത്തനായ പി കെ ബഷീറിനെ മന്ത്രി ആക്കണമെന്നാണ് ആവശ്യം.
സത്യപ്രതിജ്ഞ ചടങ്ങില്‍ തെക്കേ ഇന്ത്യൻ മുഖ്യമന്ത്രിമാരും കോൺഗ്രസിന്റെ ദേശീയ നേതൃത്വവും പങ്കെടുക്കും. തമിഴ്നാട് മുഖ്യമന്ത്രി വിജയ് വരുന്നത് ഉറപ്പിച്ചിട്ടില്ല . കർണാടക, തെലങ്കാന, ഹിമാചൽ മുഖ്യമന്ത്രിമാർ പങ്കെടുക്കും. സത്യപ്രതിജ്ഞക്കുള്ള പന്തലും മറ്റു സൗകര്യങ്ങളും തയാറായി വരികയാണ്. 25000 പേർനേരിട്ട് പങ്കെടുക്കും . സത്യപ്രതിജ്ഞക്കുശേഷം മന്ത്രിമാർ ഓഫീസിലെത്തി ചുമതലയേൽക്കും . അതിന് ശേഷം മന്ത്രിസഭ ചേരും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
