ബെംഗളൂരു: ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന വഴിയിൽ സുരക്ഷാവീഴ്ച. പാതയുടെ സമീപത്ത് നിന്ന് 2 ജലാസ്റ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. കഗ്ഗലിപുരയിലെ താത്തഗുനിക്ക് സമീപത്തു നിന്നാണ് ഇവ കണ്ടെടുത്തത്.
പൊലീസ് അന്വേഷണം തുടങ്ങി. ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷത്തിലും സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം പിറന്നാളാഘോഷത്തിലും പങ്കെടുക്കാനാണു മോദി ബെംഗളൂരുവിലെത്തിയത്. പരിപാടിയുടെ പ്രധാന വേദിയിൽ നിന്ന് വെറും 3 കിലോമീറ്റർ അകലെ നിന്നാണു സ്ഫോടക വസ്തു കണ്ടെത്തിയത്.
സംഭവത്തിൽ കോരമംഗലയ്ക്കു സമീപത്തുനിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു. എച്ച്എഎൽ വിമാനത്താവളത്തിന്റെയും ആർട്ട് ഓഫ് ലിവിങ് സെന്ററിന്റെയും പരിസരത്ത് സ്ഫോടനം നടക്കുമെന്ന് ഇയാൾ രാവിലെ പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് പൊലീസ് രണ്ടിടത്തും പരിശോധന നടത്തി. പരിശോധനയിൽ വിമാനത്താവളത്തിനു സമീപം സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. എന്നാൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപത്ത് നിന്ന് ജലാറ്റിൻ സ്റ്റിക് കണ്ടെത്തുകയും ചെയ്തു.
പിന്നാലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നുണ്ട്. മുൻപും വിഐപികൾ എത്തുന്ന സമയത്ത് ഇയാൾ ഇത്തരത്തിൽ സ്ഫോടനം നടക്കുമെന്ന് പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചുട്ടുണ്ട്. മാനസിക പ്രശ്നങ്ങൾ നേരിടുന്ന വ്യക്തിയാണോയെന്നും പൊലീസ് പരിശോധിക്കും. സ്ഥലത്ത് ജലാറ്റിന് സ്റ്റിക്കുകൾ എങ്ങനെ എത്തിയെന്നും സംഭവത്തിൽ ഗൂഢാലോചന ഉണ്ടോ എന്നതിനെ കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെ സുരക്ഷാ ഏജൻസികൾ സ്ഥലം സന്ദർശിച്ചു. ഫൊറൻസിക് സംഘം സ്ഥലത്തെത്തിയെന്നും പരിശോധനകൾ നടത്തിയെന്നും പൊലീസ് അറിയിച്ചു. കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്കുകൾ ഈ മേഖലയിലെ ഖനന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണോ അതോ ബോധപൂർവം സ്ഥാപിച്ചതാണോ എന്ന് ഉദ്യോഗസ്ഥർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
