ഹരിതകർമസേനയുടെ സമരം പഞ്ചായത്തിലെ മാലിന്യ ശേഖരണത്തെയും ശുചീകരണ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്
വനിതാ ഡ്രൈവറെ മാറ്റണമെന്ന ആവശ്യവുമായി ഹരിതകർമസേനയുടെ സമരം. കോഴിക്കോട് കോട്ടൂർ പഞ്ചായത്തിലാണ് വനിതാ ഡ്രൈവറുടെ നിയമനത്തിനെതിരെ 36 അംഗങ്ങൾ ഒരാഴ്ചയായി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നത്.
രണ്ടാഴ്ച മുൻപാണ് വാകയാട് സ്വദേശി രന്യയെ ഹരിതകർമസേനയുടെ വാഹനത്തിന്റെ ഡ്രൈവറായി പഞ്ചായത്ത് നിയമിച്ചത്. എന്നാൽ രന്യയ്ക്ക് ആവശ്യമായ ഡ്രൈവിങ് പരിചയമില്ലെന്നും വാഹനത്തിൽ യാത്ര ചെയ്യുന്നത് ജീവനുപോലും അപകടമുണ്ടാക്കുമെന്നും ഹരിതകർമസേനാംഗങ്ങൾ ആരോപിക്കുന്നു. ഡ്രൈവറെ മാറ്റാതെ ജോലിക്ക് മടങ്ങില്ലെന്നാണ് ഇവരുടെ നിലപാട്.
അതേസമയം, മൂന്ന് ദിവസം ഹരിതകർമസേനയുടെ വാഹനം ഓടിച്ചിട്ടും അപകടമൊന്നും ഉണ്ടായിട്ടില്ലെന്ന് രന്യ പറഞ്ഞു. ജോലി ചെയ്യാനുള്ള തന്റെ അവകാശം നിഷേധിക്കുകയാണെന്നും രന്യ ആരോപിച്ചു.നിയമനം പൂർണമായും ചട്ടങ്ങൾ പാലിച്ചാണെന്നും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.ഹരിതകർമസേനയുടെ സമരം പഞ്ചായത്തിലെ മാലിന്യ ശേഖരണത്തെയും ശുചീകരണ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
