തമിഴ്‌നാട്ടില്‍ ടിവികെ-കോണ്‍ഗ്രസ് സഖ്യം, പിന്തുണ നൽകി കോൺ​ഗ്രസ്; രണ്ട് മന്ത്രി സ്ഥാനം വേണമെന്ന് ആവശ്യപ്പെടും

News Desk
2 Min Read

ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ്. ഇതോടെ തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം വരാനുള്ള സാധ്യതയേറി. അടിയന്തരമായി ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ടിവികെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.

പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉപാധികൾ മുന്നോട്ടുവെച്ചു. രണ്ട് മന്ത്രിസ്ഥാനമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ പ്രധാന ബോർഡ്, കോർപ്പറേഷൻ പദവികളും കോൺ​ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ടിവികെയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഹൈക്കമാൻഡ് തമിഴ്‌നാട് രാഷ്ട്രീയകാര്യ സമിതിക്ക് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് കോൺ​ഗ്രസ് നേതൃത്വം അടിയന്തര യോഗം വിളിച്ചത്.

തമിഴ്‌നാട്ടില്‍ ടിവികെ സഖ്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ജയ്‌റാം രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. സാഹചര്യം നോക്കി തമിഴ്‌നാട് പിസിസിക്ക് തീരുമാനമെടുക്കാം എന്നാണ് കോൺ​ഗ്രസ് നേത‍ൃത്വം അറിയിച്ചത്. നേരത്തേ സർക്കാർ രൂപീകരിക്കാൻ പിന്തുണ തേടി വിജയ് കെ സി വേണുഗോപാലിന് കത്തയച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ ടിവികെ വന്‍ തേരോട്ടമായിരുന്നു നടത്തിയത്. രൂപീകരിച്ച് രണ്ട് വര്‍ഷം മാത്രം പ്രായമുള്ള ഒരു പാര്‍ട്ടി ആദ്യം നേരിട്ട തെരഞ്ഞെടുപ്പില്‍ തന്നെ വിജയം സ്വന്തമാക്കി. 107 വോട്ടുകള്‍ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തില്‍ വിജയ് വിജയം സ്വന്തമാക്കി. പെരമ്പൂരില്‍ വിജയ് നേടിയത് 1,20365 വോട്ടുകളാണ്. ഡിഎംകെയുടെ ആര്‍ ഡി ശേഖറിന് നേടാനായത് 66,650 വോട്ടുകള്‍ മാത്രമാണ്. ഇവിടെ 53,715 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയ്‌യുടെ വിജയം. തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ വിജയ് നേടിയത് 91,381 വോട്ടുകളാണ്. ഇവിടെ വിജയ്‌യുടെ പ്രധാന എതിരാളിയായിരുന്ന ഡിഎംകെയുടെ എസ് ഇനിഗോ ഇരുഡയരാജിന് 63,965 വോട്ടുകളാണ് ലഭിച്ചത്. വിജയ്‌യുടെ ഭൂരിപക്ഷം 27,416.

കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഡിഎംകെ സഖ്യത്തിന് 73 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഡിഎംകെ 59 സീറ്റും കോണ്‍ഗ്രസ് അഞ്ച് സീറ്റുമാണ് നേടിയത്. എഐഎഡിഎംകെ സഖ്യം 52 സീറ്റും നേടി. കൊളത്തൂരില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പരാജയപ്പെടുത്തിയത് ടിവികെ നേതാവായ വി എസ് ബാബുവായിരുന്നു. 8,795 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബാബുവിന്റെ വിജയം. തമിഴ്‌നാട്ടില്‍ ആകെ 234 സീറ്റുകളാണുള്ളത്. സര്‍ക്കാരുണ്ടാക്കാന്‍ 118 സീറ്റുകള്‍ വേണം. വിജയ്ക്ക് സര്‍ക്കാരുണ്ടാക്കണമെങ്കില്‍ പതിനൊന്ന് പേരുടെ കൂടി പിന്തുണ വേണം. ഇത് ലക്ഷ്യംവെച്ചായിരുന്നു വിജയ് കോണ്‍ഗ്രസിന് കത്തയച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!