ലഖ്നൗ: ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലെ വീടിനുള്ളിൽ നാല് കുട്ടികളെ മർദിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവ സ്ഥലത്തു നിന്നും കുട്ടികളുടെ അമ്മയെ കാണാതായി.
വർഷങ്ങളായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന നിയാസിന്റെ മക്കളായ ഷഫീഖ് (14), സൗദ് (10), ഉമർ (എട്ട്), സാദിയ (ഏഴ്) എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികൾ അമ്മയായ നാസിയ ഖാത്തൂനൊപ്പമാണ് താമസിച്ചിരുന്നതെന്നും ഇവരെയാണ് ഇപ്പോൾ കാണാതായിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
അക്ബർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മീരാൻപൂർ പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. രാവിലെ മുതൽ വീട് പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം കണ്ടത് വീടിനുള്ളിലെ കട്ടിലിൽ രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്ന കുട്ടികളുടെ മൃതദേഹമാണ്. വീടിന്റെ പ്രധാന വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ ഇഷ്ടിക പോലെയുള്ള ആയുധം കൊണ്ട് തലയ്ക്കാണ് ആക്രമിച്ചിരിക്കുന്നതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണെന്നും വീടിനുള്ളിൽ നിന്നും പരിസരത്തുനിന്നും തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. കുട്ടികളുടെ അമ്മയെ സംഭവ സ്ഥലത്ത് നിന്നും കാണാതായത് ദുരൂഹത വർധിപ്പിച്ചു. ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ അതോ മറ്റെന്തിലും ആണോ എന്ന കാര്യത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
