TVK എംഎൽഎ വി എസ് ബാബുവിന്റെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം; ഗൂഢാലോചന നടന്നതായി പരാതി

News Desk
1 Min Read

ചെന്നൈ: ശ്വാസകോശ രോഗത്തെ തുടര്‍ന്ന് അന്തരിച്ച ടിവികെ എംഎല്‍എ വിഎസ് ബാബുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. മരണത്തിനു പിന്നില്‍ ഗൂഢാലോചന സംശയിച്ചാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മരണത്തിനു പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നതിനാല്‍ ചികിത്സയുടെ വിശദാംശങ്ങളും മെഡിക്കല്‍ രേഖകളും സൂക്ഷിക്കണമെന്നും പരാതിയിലുണ്ട്.

ശ്വാസതടസത്തെ തുടര്‍ന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്ന എംഎല്‍എ കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. ചികിത്സയുടെ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നു ചൂണ്ടിക്കാട്ടി ബാബുവിന്റെ മണ്ഡലമായ കൊളത്തൂരിലെ വോട്ടര്‍ ഹൈക്കോടതിയെ സമീപിച്ചതിനു പിറ്റേന്നായിരുന്നു എംഎല്‍എയുടെ മരണം. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഇന്നലെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയും എഎൽഎ വിഎസ് ബാബുവും
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ തട്ടകമായ കൊളത്തൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ബാബുവിന്റെ ജയം. 8795 വോട്ടുകള്‍ക്കായിരുന്നു ബാബു വിജയിച്ചത്. ഡിഎംകെയില്‍ ഏരിയ സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ബാബു പിന്നീട് പാര്‍ട്ടിയുടെ ചെന്നൈ ജില്ലാ സെക്രട്ടറിയായിരുന്നു. 2006 ലെ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി പുരസവാക്കം മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2008 ലെ അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയയെത്തുടര്‍ന്ന്, പുരസവാക്കം മണ്ഡലം ഇല്ലാതായി.

തുടര്‍ന്ന് അതിന് കീഴിലുള്ള പല പ്രദേശങ്ങളും പുതുതായി രൂപീകരിച്ച കൊളത്തൂര്‍ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായി. 2011 ലെ തെരഞ്ഞെടുപ്പില്‍ കൊളത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്റ്റാലിന്റെ വിജയത്തില്‍ ഡിഎംകെയുടെ പ്രാദേശിക മുഖമായിരുന്ന ബാബു സുപ്രധാന പങ്ക് വഹിച്ചിരുന്നു.

2011 ന് ശേഷം, വി എസ് ബാബു കുറച്ചുകാലം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. 2016 ല്‍ ഡിഎംകെ വിട്ട ബാബു എഐഎഡിഎംകെയില്‍ ചേര്‍ന്നു. തുടര്‍ന്ന് 2026ല്‍ നിലവിലെ മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ സാന്നിധ്യത്തില്‍ ടിവികെയിലേക്കും ചേക്കേറി. തുടര്‍ന്നാണ് നിയമസഭയിലേക്ക് മത്സരിച്ച് അട്ടിമറി വിജയം നേടിയത്.

.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!