സ്വർണവില കേരളത്തിൽ രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നും കുത്തനെ വീണു. 200 ഡോളറിലധികം ഇടിഞ്ഞ് ഔൺസിന് 3517 ഡോളർ വരെയെത്തി രാജ്യാന്തരവില. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. ഈ വർഷം ജനുവരിയിൽ വില 5600ന് മുകളിലെത്തി റെക്കോർഡ് കുറിച്ചിരുന്നു.
കേരളത്തിൽ ഇന്നു വില ഗ്രാമിന് ഒറ്റയടിക്ക് 470 രൂപ ഇടിഞ്ഞ് 11,510 രൂപയായി. പവന് 3760 രൂപ താഴ്ന്ന് 92,080 രൂപയിലുമെത്തി. 18 കാരറ്റ് സ്വർണത്തിനു വില 385 രൂപ കുറഞ്ഞ് 9420 രൂപയാണ്. വിപണിയിലെ പുത്തൻ താരങ്ങളായ 14 കാരറ്റ്, 9 കാരറ്റ് സ്വർണവിലകളും വൻതോതിൽ ഇടിഞ്ഞു. 14 കാരറ്റ് സ്വർണവില ഗ്രാമിന് 300 രൂപ താഴ്ന്ന് 7375 രൂപ. ഗ്രാമിന് 4760 രൂപ കൊടുത്താൽ ഇന്ന് 9 കാരറ്റ് സ്വർണം കിട്ടും; ഇന്നു കുറഞ്ഞത് 190 രൂപ.
വെള്ളിവിലയും തകർന്നുവീഴുകയാണ്. രാജ്യാന്തരവില ഔൺസിന് 7.17% ഇടിഞ്ഞ് 41.94 ഡോളറായി. രാജ്യാന്തര വിലയിലെ ട്രെൻഡിന് പുറമേ വ്യാവസായിക രംഗത്തുനിന്നുള്ള ഡിമാൻഡും കുറയുമോ എന്ന ആശങ്കയും വെള്ളിവിലയെ വീഴ്ത്തുന്നു. കേരളത്തിൽ ഗ്രാമിന് 5 രൂപ കുറഞ്ഞ് ഇന്ന് 175 രൂപയിലെത്തി.
ദേശീയ വിപണിയിൽ സ്വർണവില 2026ൽ ഇതുവരെ 25% ഇടിവുനേരിട്ടു. 1980നുശേഷം വില ഇത്രയും ഇടിയുന്നത് ആദ്യമാണ്. സ്വർണവില നേരിട്ട ഏറ്റവും വലിയ തകർച്ചകൾ ഇങ്ങനെ:
∙ 1980: 40%
∙ 1981: 25%
∙ 2008: 20%
∙ 2013: 24%
∙ 2020: 15%
∙ 2022: 15%
∙ 2026: 25% (ഫണ്ട്സ് ഇന്ത്യ റിസർച്ചിന്റെ റിപ്പോർട്ടിൽ നിന്നുള്ള വിവരം)
സ്വർണവില ചില വർഷങ്ങളിൽ 10-15% വിലയിടിവ് നേരിടാറുണ്ട്. എന്നാൽ, ഒരുവർഷം പൂർത്തിയാകുംമുൻപേതന്നെ 20-25% ഇടിയുന്നത് അപൂർവമാണ്.
എന്തുകൊണ്ടാണ് സ്വർണവില ഇങ്ങനെ ഇടിയുന്നത്?
യുഎസിൽ പണപ്പെരുപ്പം 2 ശതമാനത്തിൽ നിയന്ത്രിക്കുകയാണ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ലക്ഷ്യം. എന്നാൽ, ഇറാൻ-യുഎസ് യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില കുതിച്ചുകയറിയതോടെ അമേരിക്കയുടെ മാത്രമല്ല, ലോകരാജ്യങ്ങളുടെയെല്ലാം പണപ്പെരുപ്പക്കണക്ക് പാളി.
യുഎസിൽ പണപ്പെരുപ്പം 4 ശതമാനത്തിനു മുകളിലെത്തി. ഇന്ത്യയിൽ 4% എന്ന സഹനപരിധി ഭേദിച്ച് 6% കടന്നു. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യുഎസിൽ ഫെഡറൽ റിസർവും ഇന്ത്യയിൽ റിസർവ് ബാങ്കുമെല്ലാം അടിസ്ഥാന പലിശനിരക്ക് വീണ്ടുംവീണ്ടും കൂട്ടാൻ ഒരുങ്ങുകയാണ്.
∙ യുഎസിൽ പലിശനിരക്ക് കൂടുമ്പോൾ ഡോളറും യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡും ശക്തിപ്പെടും. ഇത് സ്വർണത്തിന് നിക്ഷേപം, ആഭരണം എന്നീ നിലകളിൽ ഡിമാൻഡ് ഇടിയാൻ വഴിവയ്ക്കും.
∙ ഇതാണ് വിലയെ ബാധിക്കുന്നത്. രാജ്യാന്തരവില 3500 ഡോളറിനും താഴെയാകാനുള്ള സാധ്യതകളാണ് നിരീക്ഷകർ കാണുന്നത്. അങ്ങനെയെങ്കിൽ കേരളത്തിൽ വില പവന് 90,000 രൂപയ്ക്കു താഴെ എത്തും.
വില കുറഞ്ഞിട്ടും വിപണിയിൽ സമ്മിശ്ര പ്രതികരണം
സ്വർണവില കുറഞ്ഞെങ്കിലും കേരള വിപണിയിൽ ഉപഭോക്താക്കളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണുള്ളതെന്ന് വ്യാപാരികൾ പറയുന്നു. സ്വർണം വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പക്ഷേ, മറ്റൊരു വിഭാഗം ഇപ്പോഴും കാത്തിരിപ്പിലാണ്, വില ഇനിയും താഴുമെന്ന പ്രതീക്ഷയുമായി.
∙ സ്വർണവില കുറയുന്നത് ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക്, പ്രത്യേകിച്ച് വിവാഹ പാർട്ടികൾക്ക് വലിയ നേട്ടമാണ്.
∙ എന്നാൽ, നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ പണമൊഴുക്കിയവർക്ക് നിരാശയാണ് ഈ വിലയിടിവ്. ലാഭത്തിലേക്ക് കയറാൻ അവർ ഇനി കാത്തിരിക്കണം.
∙ സ്വർണം വിറ്റോ, പണയംവച്ചോ അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാൻ ശ്രമിക്കുന്നവരെയും വിലയിടിവ് നിരാശപ്പെടുത്തും.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
