പദവികള്‍ ആവശ്യപ്പെട്ട പി വി അന്‍വറിനെ പരിഹസിച്ച് പി എം എ സലാം

News Desk
2 Min Read

മലപ്പുറം: യു ഡി എഫ് സര്‍ക്കാറില്‍ നിന്ന് പദവി ആവശ്യപ്പെട്ട് പരസ്യമായി രംഗത്തുവന്ന പി വി അന്‍വറിനെ പരിഹസിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. തനിക്കും തന്റെ കുടെ ഉള്ളവര്‍ക്കും പദവി ആവശ്യപ്പെട്ട് യു ഡി എഫിനു കത്തു നല്‍കിയ വിവരമാണ് അന്‍വര്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിത്. തനിക്കു കെ ടി ഡി സി ചെയര്‍മാന്‍ പദവി വാഗ്ദാനം ചെയ്തതാണെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

അന്‍വര്‍ ചാനലുകാരോട് അതൃപ്തി പറഞ്ഞതുകൊണ്ട് ചാനലുകാര്‍ എന്തെങ്കിലും പദവി കൊടുത്താല്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂവെന്നും സലാം പരിഹസിച്ചു. പദവിക്ക് വേണ്ടി ഇത്ര ധ്യതിപിടിക്കാനുമായിട്ടില്ല. ആവശ്യങ്ങള്‍ പറയാന്‍ അതിന്റേതായ വേദികളുണ്ടെന്നും പുറത്ത് കലഹിച്ചിട്ട് കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

യു ഡി എഫുമായി സഹകരിച്ച് നില്‍ക്കുന്നയാളെന്ന നിലയില്‍ അന്‍വറിനെ പരിഗണിക്കുമെന്നായിരുന്നു ഇതുവരെയുള്ള പ്രതീക്ഷ. അന്‍വര്‍ അര്‍ഹിക്കുന്ന പദവിയാണോ കെടിഡിസി എന്ന് ചോദിച്ചാല്‍ മറുപടി പറയാനില്ല.

മുസ്ലിം ലീഗിലെ ഉന്നതരായ പല നേതാക്കള്‍ക്കും പരിഗണന ലഭിച്ചിട്ടില്ല. അതുപോലെ കോണ്‍ഗ്രസിലെയും പല നേതാക്കള്‍ക്കും പരിഗണന കിട്ടിയിട്ടില്ല. അതുകൊണ്ട് അന്‍വര്‍ ധൃതി പിടിക്കാനുള്ള സമയം ആയിട്ടില്ല. അന്‍വര്‍ അതൃപ്തി നേതാക്കളോട് പറയണമെന്നും പുറത്ത് കലഹിച്ചാല്‍ യു ഡി എഫിലെ സാധ്യതകള്‍ ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ പരാജയപ്പെടുകയാണെങ്കില്‍ കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന് തെരഞ്ഞടുപ്പിന് മുമ്പ് തന്നെ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും യു ഡി എഫ് നേതാക്കള്‍ അത് സമ്മതിച്ചതാണെന്നുമാണ് അന്‍വര്‍ പറയുന്നത്. വി ഡി സതീശന്‍, സണ്ണി ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ യു ഡി എഫ് നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നെന്നും വ്യക്തമായ ഉറപ്പ് ലഭിച്ചിരുന്നെന്നുമാണ് അന്‍വറിന്റെ അവകാശവാദം.

സര്‍ക്കാരിനെതിരായ പോരാട്ടങ്ങളിലും യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലും പങ്കാളിയായ തനിക്ക് ഈ പദവിക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം പറയുന്നു. തനിക്കു കെ ടി ഡി സി ചെയര്‍മാന്‍ പദവിക്ക് പുറമെ, തന്നോടൊപ്പം നില്‍ക്കുന്ന സജി മഞ്ഞക്കടമ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി മൂന്ന് ബോര്‍ഡ്-കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനങ്ങള്‍ കൂടി അന്‍വര്‍ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ആകെ ആവശ്യപ്പെട്ട നാല് പദവികളില്‍ മൂന്നെണ്ണമെങ്കിലും അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!