വിഴിഞ്ഞം: തിരുവനന്തപുരം കോട്ടുകാലിൽ യുവാവിനെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകാൽ പയറ്റുവിള പുലിവിള കൈത്തറി സൊസൈറ്റിക്ക് സമീപം പരേതനായ വിജുവിന്റെയും ശോഭനയുടെയും മകൻ ശരൺ (26) ആണ് മരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു ശരൺ.
ശരണിന്റെ അമ്മ ശോഭന ഉച്ചക്കടയ്ക്ക് അടുത്തുളള കല്യാണമണ്ഡപത്തിൽ ജോലിക്കും സഹോദരൻ ശരത് പുറത്തേക്കും പോയ സമയത്താണ് സംഭവം നടന്നത്. ഇവർ രാത്രിയോടെ വീട്ടിലെത്തിയപ്പോൾ മുൻവാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇരുവരും ചേർന്ന് വാതിൽ തുറക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. പിന്നാലെ, ഇവർ നാട്ടുകാരെ വിളിച്ചുകൂട്ടി.
ഓടിക്കൂടിയവരുടെ സഹായത്തോടെ പൂട്ടുതകർത്ത് വീടിനുളളിൽ കയറിയപ്പോഴാണ് ശരണിനെ മരിച്ചനിലയിൽ കണ്ടത്. ഉടൻതന്നെ വിഴിഞ്ഞം പോലീസിൽ വിവരം അറിയിച്ചു. വീടിനുളളിലെ സൺഷെയ്ഡിലെ ക്ലാമ്പിൽ തൂങ്ങി നിൽക്കുന്ന വിധത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തോർത്തുപയോഗിച്ച് കൈകൾ പിന്നിൽകെട്ടിയ നിലയിലായിരുന്നു.
പിന്നാലെ, ബന്ധുക്കളും നാട്ടുകാരും മരണത്തിൽ ദുരുഹതയാരോപിച്ച് രംഗത്തെത്തി. എന്നാൽ, പോലീസ് നടത്തിയ മൃതദേഹ പരിശോധനയിലും മെഡിക്കൽകോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമാർട്ടത്തിലും തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചു.
ശരണിന്റെ മൊബൈൽ ഫോൺ പരിശോധനയ്ക്കായി വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിൽ ദുരുഹതയില്ലെന്ന് എസ്.ഐ. എം. പ്രശാന്ത് അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
