അന്താരാഷ്ട്ര യാത്രക്കാർക്കും ഡിജി യാത്ര; ഏഴ് വിമാനത്താവളങ്ങളിൽ തുടക്കമായി

News Desk
1 Min Read

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാനയാത്രക്കാർക്കും ഡിജി യാത്ര സൗകര്യം ലഭ്യമാക്കുന്നതിനുള്ള പരീക്ഷണങ്ങൾ രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളിൽ ആരംഭിച്ചു. കൊച്ചി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സേവനം നടപ്പാക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. 2027ൽ കൂടുതൽ വിമാനത്താവളങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് പദ്ധതി.

ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, ചെന്നൈ, അമൃത്സർ എന്നീ വിമാനത്താവളങ്ങളിലാണ് പരീക്ഷണം നടക്കുന്നത്. ഇ-പാസ്പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര വിമാന സർവിസുകളിൽ മാത്രമാണ് ആദ്യഘട്ടത്തിൽ സൗകര്യം ലഭിക്കുക. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിമാനത്താവളങ്ങളിലെ വിവിധ പരിശോധനാ കേന്ദ്രങ്ങളിലൂടെ യാത്രക്കാർക്ക് കൂടുതൽ വേഗത്തിലും തടസ്സങ്ങളില്ലാതെയും കടന്നുപോകാൻ സഹായിക്കുന്ന സംവിധാനമാണ് ഡിജി യാത്ര. നിലവിൽ രാജ്യത്തെ വിവിധ ആഭ്യന്തര വിമാനത്താവളങ്ങളിൽ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

നവംബർ മുതൽ ഡിസംബർ വരെയുള്ള പരീക്ഷണകാലയളവിൽ യാത്രക്കാരിൽനിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും 2027ലെ വിപുലമായ പദ്ധതി ആസൂത്രണം ചെയ്യുക. യാത്രക്കാർക്ക് വിമാനത്താവള ടെർമിനലിലേക്കുള്ള പ്രവേശന കവാടങ്ങൾ, സുരക്ഷാ പരിശോധനാ മേഖലകൾ, ബോർഡിങ് ഗേറ്റുകൾ എന്നിവിടങ്ങളിൽ ഡിജി യാത്ര ഉപയോഗിക്കാം. എന്നാൽ, ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള ഇടങ്ങളിൽ മാത്രമായിരിക്കും സേവനം ലഭ്യമാകുക.

ഡിജി യാത്ര നിലവിലുള്ള യാത്രാനടപടികൾക്ക് പകരമല്ലെന്നും അവ കൂടുതൽ സുഗമമാക്കുന്നതിനുള്ള സംവിധാനം മാത്രമാണെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. യാത്രക്കാർ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശം കരുതണം. വിമാനക്കമ്പനികളുടെ നിർബന്ധിത രേഖാപരിശോധന, എമിഗ്രേഷൻ നടപടികൾ, മറ്റ് യാത്രാ നടപടിക്രമങ്ങൾ എന്നിവ പതിവുപോലെ പൂർത്തിയാക്കേണ്ടതുണ്ട്. അന്താരാഷ്ട്ര യാത്രകൾക്കായി ഡിജി യാത്ര ഉപയോഗിക്കാൻ യോഗ്യരായ ഇന്ത്യൻ പൗരന്മാർ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇ-പാസ്പോർട്ട് അടിസ്ഥാനമാക്കിയുള്ള വെരിഫയബിൾ ക്രെഡൻഷ്യൽ (സി.സി) സൃഷ്ടിക്കണം. ഇങ്ങനെ സൃഷ്ടിക്കുന്ന ഡിജിറ്റൽ ക്രെഡൻഷ്യൽ യാത്രക്കാരന്റെ ഫോണിലെ ഡിജി യാത്ര വാലറ്റിൽ സൂക്ഷിക്കും. നിലവിൽ ഡിജി യാത്ര പ്ലാറ്റ്ഫോമിൽ 2.65 കോടിയിലധികം ഉപയോക്താക്കളുണ്ട്.
..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!