തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ രഹസ്യവിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി.
സുരക്ഷാ-രഹസ്യാന്വേഷണ ഏജൻസികളെ വിവരാവകാശ നിയമത്തിൽനിന്ന് ഒഴിവാക്കാൻ വ്യവസ്ഥചെയ്യുന്ന നിയമച്ചട്ടം ഉപയോഗിച്ചാണ് നടപടി. പോലീസിലെയും ഇന്റലിജൻസിലെയും രഹസ്യവിഭാഗങ്ങളെ നേരത്തെ ഒഴിവാക്കിയതിന്റെ തുടർച്ചയായാണ് വിജിലൻസിലും ഈ മാറ്റം വരുത്തിയിരിക്കുന്നത്.
വിജിലൻസിന്റെ അതീവ പ്രാധാന്യമുള്ള രഹസ്യവിവരങ്ങൾ കൈകാര്യം ചെയ്യുന്ന ടി1 (T1), ടി2 (T2) എന്നീ രണ്ട് പ്രധാന സെക്ഷനുകളെയാണ് വിവരാവകാശ പരിധിയിൽനിന്ന് പുറത്താക്കിയിട്ടുള്ളത്.
വിജിലൻസിലെ മിനിസ്റ്റീരിയൽ, എക്സിക്യൂട്ടീവ്, ലീഗൽ ഉദ്യോഗസ്ഥരുടെ വാർഷിക രഹസ്യ റിപ്പോർട്ടുകൾ, ഉയർന്ന സുരക്ഷാ പ്രാധാന്യമുള്ള വ്യക്തിഗത ഫയലുകൾ, അതീവ രഹസ്യസ്വഭാവമുള്ള ടോപ്പ് സീക്രട്ട് രേഖകൾ എന്നിവ സൂക്ഷിക്കുകയും കൈകാര്യംചെയ്യുകയും ചെയ്യുന്നത് ടി1 സെക്ഷനാണ്. വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രതിവാര ഡയറികൾ പ്രോസസ്സ് ചെയ്യൽ, നിർണായകമായ സോഴ്സ് റിപ്പോർട്ടുകൾ എന്നിവ കൈകാര്യം ചെയ്യുന്നത് ടി2 സെക്ഷനാണ്.
2005-ലെ വിവരാവകാശ നിയമപ്രകാരം വിജിലൻസിന്റെ ഈ രഹസ്യവിഭാഗങ്ങളെ തുടക്കത്തിൽ ഒഴിവാക്കിയിരുന്നതാണ്. എന്നാൽ, പിന്നീട് 2022-ൽ ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി. ആ തീരുമാനമാണ് ഇപ്പോൾ വീണ്ടും തിരുത്തി, ഒഴിവാക്കൽ ഉത്തരവിറക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഒക്ടോബർ 22-നാണ് പുറത്തിറങ്ങിയത്.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നതിന് പിന്നാലെയാണ് രഹസ്യവിഭാഗങ്ങളെ വീണ്ടും വിവരാവകാശ പരിധിക്ക് പുറത്താക്കിയതെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ, ഉയർന്നുവന്ന ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. സ്വാഭാവികമായ ഭരണനടപടികളുടെ ഭാഗമായാണ് വിജ്ഞാപനം പുറത്തിറക്കിയതെന്നും അധികൃതർ വ്യക്തമാക്കുന്നു.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
