തിരുവനന്തപുരം: അർജന്റീനാ ഫുട്‌ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയെന്ന കേസിൽ മുൻകായികമന്ത്രി വി. അബ്ദുറഹിമാനെയും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി.ആർ. രമേശിനെയും പ്രതികളാക്കിയേക്കും. ഇരുവരിൽനിന്നും പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തിരുന്നു.
സർക്കാർ സ്പോൺസർഷിപ്പ് എന്നപേരിൽ സ്പോൺസർക്ക് പണപ്പിരിവ് നടത്താൻ വഴിയൊരുക്കിയത് കായികവകുപ്പാണെന്നാണ് നിഗമനം. ഇതിനുള്ള തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അർജന്റീനാ ടീമിനെ കേരളത്തിലെത്തിക്കുന്നതിനുള്ള കരാർ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ലഭിച്ചതെങ്ങനെ, ഇതിൽ കായികവകുപ്പിന്റെയും മുൻ മന്ത്രിയുടെയും ഇടപെടൽ, ഔദ്യോഗിക ആശയവിനിമയത്തിൽ അധ്യാപിക ഇടനിലക്കാരിയായി പ്രവർത്തിച്ച സാഹചര്യം തുടങ്ങിയവയാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
സർക്കാർ ഉത്തരവിനുമുൻപ് സ്പോൺസറെ നിശ്ചയിച്ചത് ഗുരുതര വീഴ്ചയാണെന്നും ഇത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും സംഘം വിലയിരുത്തി. മന്ത്രിതന്നെ പരിപാടിയുടെ പ്രചാരകനായി വന്നത്, സ്പോൺസർക്ക് വിശ്വാസ്യതയും പണപ്പിരിവിനുള്ള അവസരവുമുണ്ടാക്കി. ഇതുമായി ബന്ധപ്പെട്ട് കായിക വകുപ്പിലെ രേഖകളിലെല്ലാം ആസൂത്രിതമായ നീക്കം വ്യക്തമാകുന്നുണ്ട്.
ഔദ്യോഗിക ആശയവിനിമയത്തിൽ അധ്യാപിക ഇടനിലക്കാരിയായതും മന്ത്രിഓഫീസിന്റെ താത്‌പര്യം വ്യക്തമാകുന്നതാണ്. ഇതാണ് പ്രൈവറ്റ് സെക്രട്ടറിയും കേസിൽ ഉൾപ്പെടാൻ കാരണം. മുൻമന്ത്രി കേസിൽ ഉൾപ്പെടുകയാണെങ്കിൽ, അഴിമതിനിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തിയേക്കും.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
