ദുബൈ: റിയാദിലെ ഒരു സഊദി ആരാംകോ കേന്ദ്രത്തിന് സമീപം ശനിയാഴ്ച വലിയ തോതിൽ പുകയും തീയും ഉയരുന്നത് കണ്ടതായി റോയിട്ടേഴ്സിനോട് പറഞ്ഞു. ദൃസാക്ഷിയുടെ അടിസ്ഥാനത്തിൽ ആണ് റോയിട്ടേഴ്സ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം, തീപിടുത്തത്തെക്കുറിച്ച് സൗദി അധികൃതരിൽ നിന്ന് ഉടനടി സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. പ്രതികരണത്തിനായുള്ള അഭ്യർത്ഥനയോട് ആരാംകോയും ഉടൻ പ്രതികരിച്ചില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
സഊദി നഗരങ്ങൾക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ശക്തമാക്കിയ, ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരും സഊദി അറേബ്യയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീപിടുത്തം ഉണ്ടായിരിക്കുന്നത്. ശനിയാഴ്ചയുണ്ടായ തീപിടുത്തത്തിന്റെ ഉത്തരവാദിത്തം ആരും ഉടൻ ഏറ്റെടുത്തിട്ടില്ല.
യാൻബുവിലെ സഊദി ആരാംകോ കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂതികൾ കഴിഞ്ഞ ആഴ്ച അവകാശപ്പെട്ടിരുന്നു. തായിഫ്, യാൻബു മേഖലകളിലേക്ക് ഹൂതികൾ തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകളെ തടഞ്ഞതായി അന്ന് സഊദി അറേബ്യ അറിയിച്ചിരുന്നുവെങ്കിലും, ആരാംകോ കേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
