പൊറുതി മുട്ടിയാല്‍ ഒരു കൊലപാതകം നടക്കും; എസ്.ഐയ്‌ക്കെതിരെ വധഭീഷണി മുഴക്കി സി.പി.എം ജില്ലാ സെക്രട്ടറി

News Desk
1 Min Read

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് സി.പി.എം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലിസ് ഉദ്യോഗസ്ഥനെതിരെ പരസ്യമായി വധഭീഷണി മുഴക്കി സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എം.എല്‍.എയുമായ വി. ജോയ്. കന്റോണ്‍മെന്റ് പൊലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഗോകുലിനെതിരെയാണ് വി. ജോയിയുടെ ഭീഷണി.

‘അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കില്‍ ഞാന്‍ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങള്‍ നോക്കിക്കോ’ -എന്നായിരുന്നു വി. ജോയിയുടെ ഭീഷണി. മുന്‍ മന്ത്രിയും എം.എല്‍.എയുമായ കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാ സെക്രട്ടറിയുടെ ഭീഷണിപ്പെടുത്തല്‍. 

സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവരികയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെ സംഭവം വലിയ വിവാദമായിരിക്കുകയാണ്. 

അതേസമയം,  കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയല്ല താന്‍ ചെയ്തതെന്നും കുട്ടികളെ ഇത്തരത്തില്‍ ക്രൂരമായി തല്ലിച്ചതച്ചാല്‍ കൊലപാതകം നടക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്തതെന്നും വി.ജോയ് പിന്നീട് വിശദീകരിച്ചു. 

യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലിനുള്ളില്‍ കയറി എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ സി.ഐ സതീഷ് കുമാറും എസ് ഐ ഗോകുലും ചേര്‍ന്നാണെന്ന് സി.പി.എം ആരോപിച്ചിരുന്നു. ഇവരെ തെരുവില്‍ നേരിടുമെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതാക്കളും പരസ്യമായി പ്രതികരിച്ചിരുന്നു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!