ചിറ്റൂർ: കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണ് സഹോദരങ്ങളായ കുഞ്ഞുങ്ങൾ മരിച്ച സംഭവം കൊലപാതകം. വടകരപ്പതി മണൽകാട് ജോൺ കുമാർ- നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (അഞ്ച്), റോബിൻ ക്രിസ്റ്റഫർ (മൂന്ന്) എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയതാണെന്ന് മാതാവ് നിവേദ്യ പൊലീസിനോട് കുറ്റസമ്മതം നടത്തി. നിവേദ്യ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസ്: ചെറുമകൾ പിടിയിൽ, അശ്വതി അച്ചുവിനായി അന്വേഷണം
വടകരപ്പതി മേനോൻപാറ കൂരാങ്കാട്ട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ജോൺ കുമാറും കുടുംബവും. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. ജോൺ കുമാർ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു സംഭവം നടന്നത്.
കുട്ടികളെ കാണാനില്ലെന്ന് നിവേദ്യ അയൽവാസിയെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ ഇരുവരെയും കണ്ടെത്തിയത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുട്ടികളുടെ മരണത്തിൽ സംശയം തോന്നിയ ബന്ധുക്കളും അയൽവാസികളും പൊലീസിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ നിവേദ്യ കുറ്റം സമ്മതിച്ചു. ഭർത്താവും നിവേദ്യയും തമ്മിൽ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ഭാവി ജീവിതത്തിന് കുട്ടികൾ തടസമാകുമെന്ന് തോന്നിയതാണ് കൊലയ്ക്ക് കാരണമായി വ്യക്തമായതെന്ന് ഡിവൈഎസ്പി ശശിധരൻ പറഞ്ഞു. കളിച്ചുകൊണ്ടിരുന്ന മൂത്ത കുട്ടിയെ മുക്കിക്കൊന്നതിനുശേഷം രണ്ടാമത്തെ കുഞ്ഞിനെ സമാനരീതിയിൽ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
കുട്ടികളുടെ മരണത്തിൽ സംശയം തോന്നിയിരുന്നതായി പിതാവും പറഞ്ഞു.നിവേദ്യയാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്ന് തന്നോട് സമ്മതിച്ചതായി ജോൺ കുമാറിന്റെ അമ്മാവൻ സെൽവം പറഞ്ഞു. നിവേദ്യയെ മാറ്റിനിർത്തി ഇക്കാര്യം ചോദിച്ചപ്പോഴാണ് കൊന്നത് താൻതന്നെയാണെന്ന് സമ്മതിച്ചത്. ആദ്യം തുറന്ന് പറഞ്ഞില്ലെങ്കിലും കൂടുതൽ ചോദിച്ചപ്പോൾ സമ്മതിക്കുകയായിരുന്നു. കുട്ടികളുടെ പിതൃത്വത്തെക്കുറിച്ചുള്ള സംശയമാണ് കാരണമായി പറഞ്ഞത്. കുട്ടികൾ മരിച്ചാൽ പിന്നെ ആരും പിതൃത്വത്തെക്കുറിച്ച് ചോദിക്കില്ലെന്നും അതുകൊണ്ടാണ് കൊന്നതെന്നുമാണ് നിവേദ്യ പറഞ്ഞതെന്ന് സെൽവം വെളിപ്പെടുത്തി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
