നാടക – ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ വീട്ടിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായിരുന്നു.
നാടകങ്ങളിലൂടെയാണ് സാവിത്രി ശ്രീധരൻ അഭിനയ ജീവിതം ആരംഭിക്കുന്നത്. കെ.ടി. മുഹമ്മദിന്റെ കലിംഗ, ഇബ്രാഹിം വേങ്ങരയുടെ ചിരന്തന തിയേറ്റേഴ്‌സ്, വിക്രമൻ നായരുടെ സ്റ്റേജ് ഇന്ത്യ തുടങ്ങിയ സമിതികളുടെ നാടകങ്ങളിൽ ശക്തമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. 1977ലും 1993ലും മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാർഡ് നേടി.
എം.ടി. വാസുദേവൻ നായർ എഴുതി, സംവിധാനം ചെയ്ത ‘കടവ്’ എന്ന ചിത്രത്തിൽ അമ്മ വേഷം ചെയ്താണ് വെള്ളിത്തിരയിൽ അരങ്ങേറുന്നത്.
‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലെ ‘ഉമ്മ’ കഥപാത്രം ഏറെ പ്രശംസ നേടിയിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് 66ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. കൂടാതെ മികച്ച സ്വഭാവനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നടിയെ തേടിയെത്തി. ഇതിന് ശേഷം ‘ഡാകിനി’, ‘വൈറസ്’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
