ഇന്ത്യയ്‌ക്ക് തിരിച്ചടി; റഷ്യൻ എണ്ണ വാങ്ങിയാൽ 100 ശതമാനം തീരുവ, ബിൽ ഒപ്പിട്ട് ട്രംപ്

News Desk
1 Min Read

വാഷിംഗ്‌ടൺ: റഷ്യയിൽ നിന്ന് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ അധികാരം നൽകുന്ന ഉപരോധ ബില്ലിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

റഷ്യയുടെ സാമ്പത്തിക സ്രോതസുകളെ തടയുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ബില്ലാണിത്. റഷ്യയുടെ പ്രതിരോധ, ഊര്‍ജ്ജ മേഖലകളെയാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്. വരുമാനം പ്രതിസന്ധിയിലാകുന്നതോടെ യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് മേൽ സമ്മർദ്ദം ശക്തമാകുമെന്ന് യുഎസ് വാദം.

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമടക്കം 100 ശതമാനം തീരുവ ഭീഷണി, അമേരിക്ക പക്ഷെ യുറേനിയം വാങ്ങുന്നത് റഷ്യയിൽ നിന്നുതന്നെ
റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി സഭയില്‍ 159നെതിരെ 262 വോട്ടുകള്‍ക്കാണ് ഈ ബില്ല് പാസാക്കപ്പെട്ടത്. റഷ്യയ്‌ക്കൊപ്പം ഇറാനെതിരെയുള്ള ഉപരോധങ്ങളും ഇതില്‍ നീട്ടിയിട്ടുണ്ട്. ബില്‍ നിയമമായെങ്കിലും ഇന്ത്യക്കും ചൈനയ്ക്കുമെതിരെ വമ്പന്‍ തീരുവ ഉടന്‍ ചുമത്തിയേക്കില്ല. എന്നാല്‍, എപ്പോള്‍ വേണമെങ്കിലും ട്രംപ് കടുത്ത തീരുമാനമെടുത്തേക്കാം.

യുക്രെയ്‌ൻ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും യുഎസ് നിയമനിര്‍മ്മാതാക്കളോട് നന്ദി അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. അടുത്തയാഴ്‌ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി വാഷിംഗ്‌ടണിൽ ട്രംപ് കൂടിക്കാഴ്‌ച നടത്താനിരിക്കെയാണ് ബില്‍ പാസാക്കിയത്. അതേസമയം, റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊര്‍ജ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്നും, വൈവിദ്ധ്യമാര്‍ന്ന സ്രോതസുകളിലൂടെ എണ്ണ വാങ്ങല്‍ തുടരുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.

രാജ്യത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങളും വ്യാപാരവും സംരക്ഷിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎസിന്റെ പുതിയ നീക്കം നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!