കൊച്ചി: സിഎംആല്‍എല്ലില്‍ നിന്ന് പണം വാങ്ങിയവരുടെ പട്ടികയില്‍ യുഡിഎഫ് നേതാക്കളും. അനധികൃത സാമ്പത്തിക ഇടപാടുകള്‍ വെളിവാക്കുന്ന മൊഴി പകര്‍പ്പുകളാണ് പുറത്ത് വന്നിരിക്കുന്നത്. ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ ഉണ്ടായിരുന്ന ചുരുക്കപ്പേരുകള്‍ വിശദീകരിച്ച് സിഎംആര്‍എല്ലിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുടെ (സിഎഫ്ഒ) മൊഴിപ്പകര്‍പ്പാണ് പുറത്തുവന്നത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേരിന് പുറമെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ ഉള്‍പ്പടെ പട്ടികയിലുണ്ട്. സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയവരുടെ പട്ടികയില്‍ കെ കെ, എ ജി, ഒ സി, പി വി, ഐ കെ, ആര്‍ സി എന്നിങ്ങനെ ചില ചുരുക്കപ്പേരുകള്‍ ഉണ്ടായിരുന്നു. അത് ആരുടേതാണെന്ന് ഇ ഡിക്ക് മുന്നില്‍ വിശദീകരിക്കുകയായിരുന്നു സിഎംആര്‍എല്‍ കമ്പനിയിലെ സിഎഫ്ഒയായ കെ എസ് സുരേഷ് കുമാര്‍.
ഐടി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് നല്‍കിയ മൊഴി ഇഡിക്ക് മുന്നിലും സിഎംആര്‍എല്‍ സിഎഫ്ഒ ആവര്‍ത്തിക്കുകയായിരുന്നു. 2024 ഏപ്രിലിലാണ് കെ എസ് സുരേഷ് കുമാര്‍ ഇഡിക്ക് മൊഴി നല്‍കിയത്. സംസ്ഥാന മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് കുരുക്കാകുന്ന മൊഴിയാണ് സുരേഷ് കുമാറിന്റേത്. 2024ലാണ് ഇ ഡി സിഎംആര്‍എലിന്റെ അനധികൃത ഇടപാടുമായി ബന്ധപ്പെട്ട് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുരേഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ ടി, മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരടക്കം 12 പേരുകളാണ് ഉണ്ടായിരുന്നത്. യുഡിഎഫ് നേതക്കളുടെ പേരുകള്‍ അപ്പോള്‍ പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച ഘട്ടത്തില്‍ പാര്‍ട്ടി ഫണ്ട് എന്ന നിലയിലാണ് പണം വാങ്ങിയതെന്നും എത്ര പണമാണ് വാങ്ങിയതെന്ന് ഓര്‍മയില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.
ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കുകയാണെങ്കില്‍ അത് ബിജെപി കോണ്‍ഗ്രസ് ഡീല്‍ ആണെന്ന് നേരത്തെ സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന സമീപനമാണിതെന്നും സിപിഎം ആരോപിച്ചിരുന്നു. യുഡിഎഫിന്റെ ഭരണകാലത്താണ് അനധികൃത ഇടപാട് നടന്നത്. ഡയറിയില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടും എന്തുകൊണ്ടാണ് കേസ് എടുക്കാത്തതെന്നും സിപിഎം ചോദിക്കുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
