അമ്മായിയച്ഛനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി: മരുമകൾ അറസ്റ്റിൽ

News Desk
2 Min Read

കാൺപൂർ: വീടിനുള്ളിലെ സിസിടിവി നിരീക്ഷണത്തിലും സാമ്പത്തിക നിയന്ത്രണങ്ങളിലും പ്രകോപിതയായി അമ്മായിയച്ഛനെ ക്വട്ടേഷൻ നൽകി ക്രൂരമായി കൊലപ്പെടുത്തിയ മരുമകൾ പിടിയിൽ. കാൺപൂരിൽ പ്രമുഖ മരുന്ന് വ്യാപാരിയായ വിനീത് മിനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് മരുമകൾ ഷാലു (36), ക്വട്ടേഷൻ സംഘാംഗങ്ങളായ വിശാൽ (30), രാജ് കിഷോർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രിയാണ് സ്വന്തം അപ്പാർട്ട്‌മെന്റിൽ വിനീത് മിനോച്ചയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 26 തവണ കുത്തിപ്പരിക്കേൽപ്പിച്ച നിലയിലായിരുന്നു വിനീതിന്റെ മൃതദേഹം കിടന്നിരുന്നത്. കുടുംബത്തിലെ മുൻ ഡ്രൈവറായ വിശാലിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവന്നത്.

ചോദ്യം ചെയ്യലിൽ ഷാലു കുറ്റം സമ്മതിച്ചു. ധനിക കുടുംബമായിരുന്നിട്ടും വീട്ടുചെലവുകൾക്കും വ്യക്തിഗത ആവശ്യങ്ങൾക്കും ചെറിയ തുകകൾക്ക് പോലും അമ്മായിയപ്പനോട് പണം ചോദിക്കേണ്ട അവസ്ഥയിലായിരുന്നു താനെന്ന് ഷാലു വെളിപ്പെടുത്തി. കൂടാതെ, വീട്ടിനുള്ളിൽ സിസിടിവി ക്യാമറകൾ വെച്ച് അമ്മായിയപ്പൻ തങ്ങളെ നിരന്തരം നിരീക്ഷിച്ചിരുന്നതായും, വൈകിട്ട് പാർട്ടികൾക്ക് പോകുന്നതിനെ ചോദ്യം ചെയ്തിരുന്നതായും ഇവർ പറഞ്ഞു. ജൂലൈ 28-ന് പാർട്ടി കഴിഞ്ഞ് വൈകിയെത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി.

അമ്മായിയപ്പനെ കൊലപ്പെടുത്താനായി മുൻ ജീവനക്കാരനായ വിശാലിന് 6 ലക്ഷം രൂപയാണ് ഷാലു വാഗ്ദാനം ചെയ്തത്. ഇതിനായി ഫ്ലാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോലും കൈമാറി. സെപ്തംബർ 4-ന് ജന്മാഷ്ടമി ആഘോഷങ്ങൾക്കിടയിലാണ് ആസൂത്രണം.

ശനിയാഴ്ച രാത്രി ഷാലുവും ഭർത്താവ് സുബ്രതും കുട്ടിയും പാർട്ടിക്ക് പോയ സമയത്താണ് കൊലപാതകം നടത്തിയത്. ഫ്ലാറ്റിലെത്തിയ വിശാലിനെയും രാജ് കിഷോറിനെയും സുരക്ഷാ ജീവനക്കാരൻ തടഞ്ഞെങ്കിലും, മരുന്ന് നൽകാൻ വന്നതാണെന്ന് ഫോൺ വഴി ഷാലു അറിയിച്ചതിനെ തുടർന്ന് അകത്തേക്ക് കടത്തിവിട്ടു.

തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ ഇവർ ഒളിച്ചിരുന്ന മുറിയിലേക്ക് വിനീത് മിനോച്ച അപ്രതീക്ഷിതമായി എത്തിയതോടെ ഇരുവരും ചേർന്ന് കത്തി ഉപയോഗിച്ച് 26 തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

പാർട്ടി കഴിഞ്ഞ് പുലർച്ചെ 3 മണിയോടെ തിരികെ എത്തിയ ഷാലുവും ഭർത്താവുമാണ് വിനീതിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി പൊലീസിനെ വിവരമറിയിച്ചത്. ഫ്ലാറ്റിൽ നിന്ന് പണമോ സ്വർണ്ണമോ നഷ്ടപ്പെടാതിരുന്നതാണ് കൊലപാതകത്തിന് പിന്നിൽ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെന്ന സംശയത്തിലേക്ക് പോലീസിനെ എത്തിച്ചത്. സംഭവത്തിൽ ഭർത്താവ് സുബ്രതിന് പങ്കുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!