ജിദ്ദ: മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി പി. പി അബ്ദുല്‍ സലീം ( സലീം സദാഫ്കൊ) നാട്ടിലേക്ക് മടങ്ങുന്നു. ജിദ്ദയിലെ മത – സാമൂഹ്യ രംഗത്ത് സജീവ സാന്നിധ്യമായ അദ്ദേഹം സൗദിയിലെ പ്രവാസം നല്കിയ അനുഗ്രഹങ്ങളില്‍ പൂര്‍ണ്ണ സംതൃപ്തിയോടെയാണ് മടങ്ങുന്നത്.
1990- ല്‍ ഒരു സാധാരണ പ്രവാസിയായി എത്തിയ അദ്ദേഹം മക്കയിലെ ഒരു കടയില്‍ മൂന്ന് മാസം ജോലിചെയ്തു. ശേഷം പ്രശസ്തമായ സദാഫ്കൊ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. ജിദ്ദയിലെ ഓഫീസില്‍ പര്‍ചെയ്സ് ക്ലാര്‍ക്ക് ആയിട്ടായിരുന്നു തുടക്കം. ഫോണിന് പുറമെ ടൈപ്പ് റൈറ്റര്‍, ഫാക്സ് എന്നിവയായിരുന്നു അന്ന് ഓഫീസില്‍ ഉണ്ടായിരുന്നത്. പിന്നീട് ഓഫീസില്‍ കമ്പ്യൂട്ടര്‍ എത്തിയപ്പോള്‍ സഹപ്രവര്‍ത്തകരില്‍ നിന്നും അത് പഠിച്ചു. പിന്നീടുള്ള ജോലി കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചായി. മൂന്നരപ്പതിറ്റാണ്ടിനു ശേഷം അസിസ്റ്റന്റ് പര്‍ചെയ്സ് മനേജര്‍ ആയിട്ടാണ് സദാഫ്കൊയുടെ പടിയിറങ്ങുന്നത്.
സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള തനിക്ക് സദാഫ്കൊ കമ്പനിയിലെ സേവനക്കാലം ഒരു പഠനക്കാലം കൂടിയായിരുന്നു എന്ന്
പറയുന്ന അദ്ദേഹം തന്റെ കോളേജും യൂനിവേഴ്സിറ്റിയും എല്ലാം സദാഫ്കൊ
കമ്പനി ആണെന്ന് പറയുന്നു. കമ്പനിയിലെ സഹപ്രവര്‍ത്തകരില്‍ നിന്നാണ് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും നേടിയത്. കമ്പനി തനിക്ക് നല്കിയ പിന്തുണയും സഹായവും മറക്കാന്‍ കഴിയാത്തതാണ്. സദാഫ്കൊ മലയാളി കൂട്ടായ്മയായയില് സലീം സജീവമാണ്.
ഒരിക്കല്‍ യൂറോപ്യനായ തന്റെ മനേജര്‍ നാട്ടിലേക്ക് പോകാന്‍ വേണ്ടി കമ്പനി വാഹനം കാത്ത് നില്‍ക്കുകയായിരുന്നു. എന്നാല്‍ കമ്പനി വാഹനം വൈകുന്നത് കണ്ട് അസ്വസ്ഥനായ മാനേജരെ സ്വന്തം കാറിൽ ജിദ്ദ എയര്‍പോര്‍ട്ടില്‍ വേഗത്തില്‍ എത്തിച്ചു. ഇതില്‍ ഏറെ സന്തുഷ്ടനായ മനേജര്‍ നന്ദി പറയുക മാത്രമല്ല തിരിച്ചു വന്നപ്പോള്‍ പ്രമോഷന് നല്കി തന്റെ ശമ്പളം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഈ സംഭവം കൂടുതല്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യാന്‍ ഏറെ പ്രോത്സാഹനം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
ജിദ്ദയിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററു മായുള്ള ബന്ധം അറബി ഭാഷ പഠനത്തിനും മതപരമായ അറിവുകള്‍ നേടാനും ഏറെ സഹായിച്ചതായി സലീം പറഞ്ഞു. ഇസ്ലാഹി സെന്ററിലെ പഠന ക്ലാസുകളില്‍ സജീവ സാന്നിധ്യമായതിനാല്‍ ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആന്‍, ഹദീസ് എന്നിവ ആഴത്തില്‍ പഠിക്കാന്‍ കഴിഞ്ഞത് പ്രവാസത്തിന്റെ ഏറ്റവും വലിയ നേട്ടമായി അദ്ദേഹം കരുതുന്നു. പ്രസംഗ രംഗത്ത് തന്റെ കഴിവ് പരിപോഷിപ്പിക്കാനും ഇസ്ലാഹി സെന്ററു മായുള്ള ബന്ധം ഏറെ സഹായിച്ചതായി സലീം പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റർ എക്സിക്യൂട്ടീവ് അംഗമാണ് അബ്ദുല്‍ സലീം. അത് പോലെ, ഓള്‍ഡ് എയര്‍പോര്‍ട്ട് ദഅവ സെന്റർ നടത്തുന്ന കോഴ്സില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞതും മക്ക ഹറം ഇമാം ഡോ. ശൈഖ് ഫൈസല്‍ ഗസ്സാവിയില് നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കഴിഞ്ഞതും പ്രവാസത്തിലെ വലിയ സൗഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കെ എം സി സി പ്രവര്‍ത്തകനായ അബ്ദുല്‍ സലീം ജിദ്ദ – കൂട്ടിലങ്ങാടി പഞ്ചായത്ത് കെ എം സി സി ഭാരവാഹിയും മങ്കട മണ്ഡലം കെ എം സി സി വൈസ് പ്രസിഡന്റുമാണ്. കൂടാതെ, കൂട്ടിലങ്ങാടി ഉന്നംതല പ്രവാസി കൂട്ടായ്മ പ്രസിഡന്റ് കൂടിയാണ്.
നാട്ടില്‍ എത്തിയാലും കഴിയുന്ന രീതിയില്‍ മത – സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം.
മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി സ്വദേശിയാണ് പി. പി അബ്ദുല്‍ സലീം. ഭാര്യ: ഷാഹിന. മക്കള്‍: ഹാഫിസ് സലീം (ജിദ്ദ) , ഹനീന സലീം ( ഖത്തര്‍) ഹിഷാം സലീം ( എം ബി എ വിദ്യാര്‍ഥി, ബാംഗ്ലൂര്‍). ഒക്ടോബർ രണ്ടാം വാരത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന ഇദ്ദേഹത്തെ ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍: 0502621152
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
