തടവുകാർക്ക് പുറത്തുപോയി ജോലി ചെയ്യാം: പുത്തൻ പദ്ധതി വരുന്നു

News Desk
1 Min Read

റാഞ്ചി: തടവുകാർക്ക് പകൽ സമയത്ത് ജയിലിൽ നിന്നും പുറത്തുപോയി ജോലി ചെയ്ത ശേഷം വൈകിട്ട് തിരിച്ചെത്തുന്ന പദ്ധതിയുമായി ജാർഖണ്ഡ് സർക്കാർ. ജയിൽ പരിഷ്കാരങ്ങളുടെ ഭാഗമായി, തിരഞ്ഞെടുത്ത തടവുകാർക്കാണ് ഈ സൗകര്യം നൽകുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

ജയിലിൽ കഴിയുന്നവർക്ക് അവരുടെ കുടുംബത്തിനുവേണ്ടി വരുമാനം കണ്ടെത്താനും, ജയിൽ മോചിതരായ ശേഷം സമൂഹവുമായി ഇഴുകിചേരാനുമാണ് ഈ പദ്ധതി ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ നാല് സെൻട്രൽ ജയിലുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. ഇതിനുള്ള അനുമതി സർക്കാർ ഉടൻ നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പദ്ധതിപ്രകാരം രാവിലെ 6 അല്ലെങ്കിൽ 7 മണിയോടെ തടവുകാർക്ക് പുറത്ത് ജോലിക്കായി പോകാനാകും.. ഉദ്ദേശം 12 മണിക്കൂറോളം പുറത്ത് ചെലവഴിച്ച ശേഷം വൈകിട്ട് ഇവർ തിരികെ എത്തണം. നഗരപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ജയിലുകൾ ആയതിനാൽ ജോലി ലഭിക്കാൻ തടവുകാർക്ക് ബുദ്ധിമുട്ടേണ്ടി വരില്ല.

റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിൽ, ഹസാരിബാഗിലെ ജയ് പ്രകാശ് നാരായൺ സെൻട്രൽ ജയിൽ, ഘാഗിദി സെൻട്രൽ ജയിൽ, ദുംക സെൻട്രൽ ജയിൽ എന്നിവിടങ്ങളിലാണ് പദ്ധതി ഉടൻ ആരംഭിക്കുക. അതേസമയം ജയിലിലെ എല്ലാ തടവുകാർക്കും പുറത്തു പോയി ജോലി ചെയ്യാനുള്ള അനുമതി ലഭിക്കുകയില്ല. ജയിൽ നിയമങ്ങൾ പാലിക്കുന്ന നല്ല പെരുമാറ്റമുള്ള തടവുകാരെ ഇതിനായി കണ്ടെത്തും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!