‘ഒരു രാജ്യം, ഒരു സമയം’: 2027 മാർച്ച് മുതൽ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധം

News Desk
1 Min Read

ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു സമയം’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. രാജ്യത്ത് നിയമപരവും വാണിജ്യപരവും ഡിജിറ്റൽ, ഭരണപരവുമായ എല്ലാ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കാൻ വ്യവസ്ഥ ചെയ്യുന്ന വിജ്ഞാപനമാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്.

2027 മാർച്ച് മുതൽ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഉപയോഗിക്കേണ്ടിവരും. ഇതുസംബന്ധിച്ച ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) ചട്ടങ്ങൾ, 2026 കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു.

നിർണായക ആവശ്യങ്ങൾക്ക് ജിപിഎസ് (GPS) പോലുള്ള വിദേശ സമയ സ്രോതസ്സുകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സുരക്ഷിതവും ഏകീകൃതവുമായ ദേശീയ സമയക്രമം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ നിയമപരമായ രേഖകൾ, വാണിജ്യ ഇടപാടുകൾ, ഡിജിറ്റൽ സംവിധാനങ്ങൾ, ഭരണനടപടികൾ തുടങ്ങിയവയിൽ ഒരേ സമയസ്രോതസ്സ് ഉപയോഗിക്കുന്നത് സമയക്രമത്തിലെ വ്യത്യാസങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാൻ സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.

നിലവിൽ നിരവധി ഡിജിറ്റൽ സംവിധാനങ്ങളും ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കളും ജിപിഎസ് ഉൾപ്പെടെയുള്ള വിദേശ സമയ സ്രോതസുകളെ ആശ്രയിക്കുന്നുണ്ട്. നിർണായക അടിസ്ഥാന സൗകര്യങ്ങളുടെയും ഡിജിറ്റൽ സംവിധാനങ്ങളുടെയും സുരക്ഷയുടെ പശ്ചാത്തലത്തിൽ ഈ ആശ്രിതത്വം കുറയ്ക്കുന്നതിനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്. ഏകീകരിച്ച ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഉപയോഗിക്കുന്നത് ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും സൈബർ കുറ്റകൃത്യങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഗതാഗതം, ടെലികോം, മറ്റ് ആശയവിനിമയ ശൃംഖലകൾ എന്നിവയിലും കൃത്യവും ഏകോപിതവുമായ സമയക്രമം ഉറപ്പാക്കാൻ ഇത് സഹായിക്കും. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!