ഗുവാഹത്തി: ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു. ഗുവാഹത്തിയിലെ എൻഎംസിഎച്ചിൽ(Nagaon Medical College and Hospital ) അസോസിയേറ്റ് പ്രൊഫസറായ ഡോ. സഹിൻ റഹ്മാനാണ് വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചത്.
വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ സഹിൻ കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൽ പറത്തുവന്നിട്ടുണ്ട്. യഥാർഥ മരണകാരണം പുറത്തുവന്നിട്ടില്ലെങ്കിലും ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. കുഴഞ്ഞുവീണയുടൻ സഹിനെ എൻഎംസിഎച്ചിൽ എത്തിക്കുകയും സിപിആർ നൽകുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെയുള്ള കുഴഞ്ഞുവീണുമരണങ്ങൾ രാജ്യത്ത് വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മിക്കവയ്ക്കും പിന്നിൽ ഹൃദയാഘാതവും ഹൃദയസ്തംഭനവുമാണ് കാരണം. അടുത്തിടെ മൊഹാലിയിൽ ഒരു ഇരുപത്തിമൂന്നുകാരൻ വർക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതത്താൽ മരിച്ചിരുന്നു. കഴിഞ്ഞവർഷം കേരളത്തിലെ മുളന്തുരുത്തിയിലും സമാനമായി ഒരു നാൽപ്പത്തിരണ്ടുകാരൻ മരിച്ചിരുന്നു. 2022-ൽ കൊമേഡിയൻ രാജു ശ്രീവാസ്തവയുടെ മരണകാരണമായതും വർക്കൗട്ടിനിടെ ഹൃദയാഘാതമുണ്ടായതായിരുന്നു. 2021-ൽ കന്ന താരം പുനീത് രാജ്കുമാറും ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
വർക്കൗട്ട് ശരീരത്തിന് താങ്ങാവുന്നതിലും തീവ്രമാകുന്നതും തിരിച്ചറിയപ്പെടാതെപോകുന്ന ഹൃദ്രോഗങ്ങളുമൊക്കെയാണ് ഇത്തരത്തിലുള്ള മരണങ്ങൾ വർധിക്കുന്നതിന് പിന്നിലെന്ന് വിദഗ്ധർ പറയുന്നു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
