നേപ്പാളില്‍ മരണം 392; 290 ഇന്ത്യക്കാര്‍ കാണാമറയത്ത്; ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ ഇന്നും സർവീസ് നടത്തും

News Desk
2 Min Read

നേപ്പാള്‍ ഇന്നുവരെ കണ്ട ഏറ്റവും വലിയ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 400 ലേക്ക്. 1468 പേരെ കാണാതായി. ഇതില്‍ 290 ഇന്ത്യക്കാരുണ്ടെന്നാണ് കണക്കുകള്‍. ചെളിയിലും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും തകര്‍ന്ന പാലങ്ങള്‍ക്കടുത്തും മലമ്പ്രദേശങ്ങളിലും കാണാതായവരെ തിരയുകയാണ് രക്ഷാപ്രവര്‍ത്തകര്‍.

കൂടുതല്‍പ്പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് അനുമാനം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വിദേശ സഹായം വേണ്ടെന്ന് നേപ്പാള്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഏകോപനത്തെ ബാധിക്കുമെന്നതിനാലാണ് ഈ തീരുമാനമെന്നും നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സാമ്പത്തിക സഹായവും മരുന്നുകൾ അടക്കം ദുരിതാശ്വാസ സാമഗ്രികളും സ്വീകരിക്കുമെന്നും സർക്കാർ വിശദീകരിച്ചു.  Also Read: രക്ഷാപ്രവര്‍ത്തനത്തിന് വിദേശസഹായം വേണ്ടെന്ന് നേപ്പാള്‍

288 ഇന്ത്യന്‍ പൗരൻമാരെ കാണാനില്ലെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചെങ്കിലും 84 പേരെ പിന്നീട് കണ്ടെത്തി. ഇതിൽ മലയാളികൾ ഉണ്ടോ എന്ന് വ്യക്തമല്ല. സൈന്യവും ദുരന്ത നിവാരണ സേനയും അടക്കം 13000 ഉദ്യോഗസ്ഥരെയാണ് രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചിരിക്കുന്നത്. ഇതുവരെ 573 പേരെ ഹെലികോപ്റ്റർ വഴി രക്ഷിച്ചു. അതേസമയം, ദുരന്തബാധിത പ്രദേശത്ത് നിന്ന് ഹെലികോപ്ടറിന്‍റെ സഹായത്തോടെ 50 വിദേശികള്‍ ഉള്‍പ്പടെ 796 പേരെയും കരമാര്‍ഗം 796 പേരെയും രക്ഷപെടുത്തിയതായി നേപ്പാള്‍ പൊലീസ് അറിയിച്ചു. അതേസമയം വിദേശികള്‍ ഏത് രാജ്യക്കാരാണെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. 

910 പേരെ കാണാനില്ലെന്ന് നേപ്പാളും 558 പേരെ കാണാനില്ലെന്ന് തിബറ്റും അറിയിച്ചിട്ടുണ്ട്. യഥാര്‍ഥ കണക്ക് ഇതിലും കൂടിയേക്കാമെന്നും സംശയമുണ്ട്. പ്രളയബാധിത പ്രദേശത്ത് നിന്നും ഹെലികോപ്ടറുകളും മറ്റ് മാര്‍ഗങ്ങളും ഉപയോഗിച്ച് 800 പേരെ ഒഴിപ്പിച്ചു. 44 നേപ്പാളി സൈനികരെയും 28 നേപ്പാള്‍ പൊലീസ് ഉദ്യോഗസ്ഥരെയും സായുധ സൈനിക വിഭാഗത്തില്‍പ്പെട്ട 13 സൈനികരെയും കാണാതായെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ട്. കസ്റ്റംസ് ഓഫിസുകളിലും ഹൈഡ്രോ പവര്‍ പ്രൊജക്ടുകളിലുമായി ജോലി ചെയ്തിരുന്ന 160 പേരെയും കാണാനില്ല. 

അതേസമയം. നേപ്പാളിലേക്ക് കൂടുതൽ സഹായവുമായി ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ ഇന്നും സർവീസ് നടത്തും. ഇതുവരെ രണ്ട് വിമാനങ്ങളിലായി 47.5 ടണ്ണിലേറെ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ നേപ്പാളിലെത്തിച്ചിട്ടുണ്ട്. ദുരന്തനിവാരണ സാമഗ്രികൾക്കും മരുന്നുകൾക്കും ഭക്ഷണപ്പൊതികൾക്കും പിന്നാലെ ബെയ്‌ലി പാലം നിർമിക്കാൻ ആവശ്യമായ വസ്തുക്കളും വ്യോമസേന വിമാനത്തിൽ കൊണ്ടുപോകും.

നേരിട്ടുള്ള രക്ഷാപ്രവർത്തനത്തിന് നേപ്പാൾ അഭ്യർഥിച്ചാൽ മാത്രമാകും ഇന്ത്യ NDRFനെ അയക്കുക. പ്രളയജലം ഒഴുകിയെത്തുന്നതിനാൽ ബിഹാർ, ഉത്തര്‍പ്രദേശ് അതിർത്തികളില്‍ ജാഗ്രത തുടരുകയാണ്. ഗണ്ഡക് നദീതീരത്തുനിന്ന് ഇന്നലെ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. നേപ്പാളിൽനിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങളാണ് ഇവയെന്നാണ് സംശയം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!