‘ടോക്സിക്കി’ന് നെഗറ്റീവ് റിവ്യൂ; യൂട്യൂബർ സൂരജ് കുമാറിന് ലീഗൽ നോട്ടീസ്

News Desk
1 Min Read

മുംബൈ: യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സി’നെതിരെ നെഗറ്റീവ് റിവ്യൂ നൽകിയ യൂട്യൂബ് സിനിമാ റിവ്യൂവർ സൂരജ് കുമാറിന് ലീഗൽ നോട്ടീസ്. ചിത്രത്തെക്കുറിച്ചുള്ള തന്റെ വിമർശനാത്മക റിവ്യൂവിനെ തുടർന്നാണ് നോട്ടീസ് ലഭിച്ചതെന്ന് സൂരജ് കുമാർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നോട്ടീസിൻ്റെ ചിത്രവും സൂരജ് എക്സിൽ പങ്കുവച്ചു. ഒരു മില്യണിലേറെ സബ്സ്ക്രൈബർമാരാണ് സൂരജ് കുമാറിൻ്റെ യൂട്യൂബ് ചാനലിനുള്ളത്.

ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എൽഎൽപിക്ക് വേണ്ടി ഡിജിറ്റൽ എൻഫോഴ്‌സ്‌മെന്റ് ഏജൻസിയായ എയ്പ്ലക്സ് ആണ് നോട്ടീസ് അയച്ചതെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ സിവിൽ കോടതിയുടെ ഇടക്കാല ഉത്തരവാണ് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നത്. ചിത്രത്തെക്കുറിച്ച് തെറ്റായതോ അപകീർത്തികരമായതോ ദുരുദ്ദേശപരമായതോ അപമാനകരമായതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കോടതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് നോട്ടീസിലെ വിശദീകരണം.

‘ടോക്സിക്’ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചു. അഡ്വാൻസ് ബുക്കിങ്ങിലൂടെ തന്നെ 73.43 കോടി രൂപ സിനിമ സ്വന്തമാക്കിയിരുന്നു. ചിത്രത്തിന് ബോക്സ് ഓഫീസിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും നിരവധി പ്രേക്ഷകരും നിരൂപകരും വിമർശനവുമായി രംഗത്തെത്തിയിരുന്നു.

2026ൽ ഇന്ത്യയിൽ ഏറ്റവും മികച്ച ആഭ്യന്തര ഓപ്പണിങ് നേടുന്ന രണ്ടാമത്തെ ചിത്രമാണ് ‘ടോക്സിക്’. ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, ആദ്യ ദിനം 24,579 ഷോകളിൽ നിന്നായി 101.10 കോടി രൂപയാണ് സിനിമയുടെ നെറ്റ് കളക്ഷൻ. ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 120.75 കോടിയും. 103 കോടി രൂപയുടെ നെറ്റ് ഓപ്പണിങ് കളക്ഷൻ നേടിയ ‘ധുരന്ധർ 2’ ആണ് ഒന്നാം സ്ഥാനത്തുള്ളത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!