18ന് താഴെയുള്ളവർക്ക് ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും ഇനി പ്രതിദിനം 2 മണിക്കൂർ മാത്രം; കടുത്ത നിയന്ത്രണങ്ങളുമായി മെറ്റ

News Desk
2 Min Read

വാഷിങ്ടൺ: കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ. 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് ഇനി പ്രതിദിനം പരമാവധി രണ്ട് മണിക്കൂർ മാത്രമേ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കാൻ സാധിക്കൂ.

ഇതിന് പുറമെ രാത്രി സമയങ്ങളിൽ ആപ്പുകൾ ഉപയോഗിക്കുന്നതിന് പൂർണ്ണ വിലക്കും ഏർപ്പെടുത്തും. അമേരിക്കയിലെ അറ്റോർണി ജനറൽമാരുടെ കൂട്ടായ്മയുമായുള്ള ഒത്തുതീർപ്പ് വ്യവസ്ഥയുടെ ഭാഗമായാണ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെയും പ്രദേശങ്ങളിലെയും കൗമാരക്കാർക്കാണ് നിലവിൽ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ കൗമാരക്കാർക്ക് പ്രതിദിനം രണ്ട് മണിക്കൂർ മാത്രമേ ഈ പ്ലാറ്റ്‌ഫോമുകളിൽ ചിലവഴിക്കാനാകൂ. രക്ഷിതാക്കളുടെ പ്രത്യേക അനുമതിയോടെ മാത്രമേ ഈ സമയപരിധി മാറ്റാൻ സാധിക്കുകയുള്ളൂ. അർധരാത്രി 12 മുതൽ രാവിലെ 6 വരെ കുട്ടികൾക്ക് ആപ്പുകൾ ഉപയോഗിക്കാൻ കഴിയില്ല. ഈ സമയത്തും സ്‌കൂൾ സമയങ്ങളിലും നോട്ടിഫിക്കേഷനുകൾ ലഭിക്കുന്നതും മെറ്റ ഡിഫോൾട്ടായി ഓഫാക്കും.

യൂട്യൂബ്, ടിക് ടോക്, സ്നാപ്പ്ചാറ്റ് തുടങ്ങിയ മറ്റ് പ്ലാറ്റ്‌ഫോമുകളും സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണെങ്കിൽ, കുട്ടികളുടെ പ്രതിദിന ഉപയോഗം ഒരു മണിക്കൂറാക്കി കുറയ്ക്കാനും രാത്രി വിലക്ക് രാത്രി 10 മുതൽ രാവിലെ 7 വരെയാക്കി നീട്ടാനും മെറ്റാ ലക്ഷ്യമിടുന്നുണ്ട്.

കുട്ടികളിലും കൗമാരക്കാരിലും ആസക്തിയുണ്ടാക്കുന്ന രീതിയിലാണ് മെറ്റയുടെ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഇത് സംബന്ധിച്ച അപകടസാധ്യതകൾ മറച്ചുവെച്ചുവെന്നും ചൂണ്ടിക്കാട്ടി 2023-ൽ 51 അറ്റോർണി ജനറൽമാർ നൽകിയ കേസിലാണ് ഇപ്പോഴത്തെ നടപടി. ഈ മാസം ഓഗസ്റ്റ് 18-ന് ആരംഭിച്ച വിചാരണക്കൊടുവിലാണ് ഒത്തുതീർപ്പ് വ്യവസ്ഥകൾ രൂപപ്പെടുത്തിയത്.

കോടതിയുടെ അംഗീകാരത്തിന് വിധേയമായി 10 വർഷത്തിനുള്ളിൽ 17 ബില്യൺ ഡോളർ (ഏകദേശം 1.4 ലക്ഷം കോടി രൂപ) മെറ്റ സംസ്ഥാനങ്ങൾക്ക് പിഴയായി നൽകണമെന്നും വ്യവസ്ഥയുണ്ട്. ഇതിന് പുറമെ കർശനമായ പ്രായപരിധി പരിശോധന, മികച്ച പാരന്റൽ കൺട്രോൾ സംവിധാനങ്ങൾ എന്നിവ ഏർപ്പെടുത്താനും മെറ്റയുടെ പ്രവർത്തനങ്ങളിൽ സ്വതന്ത്ര ഓഡിറ്റ് നടത്താനും തീരുമാനമായിട്ടുണ്ട്.

എന്നാൽ ആരോപിക്കപ്പെട്ട കുറ്റങ്ങളൊന്നും മെറ്റ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം ഫലപ്രദമായി നിയന്ത്രിക്കാൻ രക്ഷിതാക്കളെ ഈ മാറ്റങ്ങൾ സഹായിക്കുമെന്ന് മെറ്റയുടെ ചീഫ് ലീഗൽ ഓഫീസർ സി.ജെ. മഹോനി വ്യക്തമാക്കി. മറ്റ് സോഷ്യൽ മീഡിയ കമ്പനികളും സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരും മാസങ്ങളിൽ തന്നെ ഈ പുതിയ നിയന്ത്രണങ്ങൾ പ്ലാറ്റ്‌ഫോമുകളിൽ പ്രാബല്യത്തിൽ വരുത്താനാണ് കമ്പനിയുടെ തീരുമാനം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!