മുംബൈ: പത്തുവർഷം മുൻപ്, ഡിജിറ്റൽ പെയ്മെന്റിനെക്കുറിച്ച് ചോദിച്ചാൽ, ‘മീൻ വാങ്ങുന്നതിനും പച്ചക്കറി വാങ്ങുന്നതിനും കാർഡ് സൈ്വപ്പ് ചെയ്യാനാകുമോ?’ എന്നായിരുന്നു മറുചോദ്യം.
ഇന്ന് അത്തരമൊരു ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. അന്നു പറഞ്ഞ കാർഡിനു തന്നെ പ്രസക്തിയില്ലാതായിരിക്കുന്നു. നാഷണൽ പെയ്മന്റ് കോർപ്പറേഷൻ അവതരിപ്പിച്ച യൂണിഫൈഡ് പെയ്മന്റ് സിസ്റ്റം എന്ന യു.പി.ഐ. രാജ്യത്തുകൊണ്ടുവന്ന വലിയ വിപ്ലവമാണിത്.
ഏതു സാധാരണക്കാർക്കും ഒരു ഫോണും അക്കൗണ്ടിൽ പണവും ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ എളുപ്പത്തിൽ ലളിതമായി ഉടനടി പണം കൈമാറാം. കാലതാമസമില്ല. മറ്റു ബുദ്ധിമുട്ടുകളുമില്ല. രാജ്യത്ത് ആളുകളുടെ ഇടപാടുരീതി അടിമുടി മാറ്റിയ, ഇന്ത്യയുടെ തനതു സാങ്കേതിക വിദ്യയായ യു.പി. ഐ. നടപ്പാക്കിയിട്ട് പത്തു വർഷം പിന്നിടുകയാണ്.
ഇന്ന് മിഠായി വാങ്ങിയാൽ അതിന്റെ പണം നൽകാൻ ഏതു പെട്ടിക്കടയിലും ക്യു.ആർ. കോഡ് വെച്ചിട്ടുണ്ടാകും. മൊബൈൽ ഫോണിൽ യു.പി.ഐ. ആപ്പ് തുറന്ന് ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് എത്ര രൂപയാണോ നൽകേണ്ടതെന്ന് രേഖപ്പെടുത്തി പിൻ നമ്പറും നൽകിയാൽ ഇടപാടു കഴിഞ്ഞു. സൗണ്ട് ബോക്‌സ് ഉണ്ടെങ്കിൽ കടയുടമയെയും പണംനൽകിയ ആളെയും ഇടപാടിനെക്കുറിച്ച് വിളിച്ചറിയിക്കും. പണം എണ്ണേണ്ടതില്ല, ചില്ലറ കരുതേണ്ട, കശപിശകളില്ല. എല്ലാവർക്കും സന്തോഷം. അങ്ങനെ യു.പി.ഐ. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.
കാർഡുപയോഗിച്ചുള്ള പണമിടപാടുകൾ വശമാക്കിയ സായിപ്പൻമാർക്കുപോലും ഇന്നിതൊരു അദ്ഭുതമാണ്. ഇന്ത്യയിൽമാത്രമല്ല, ഇന്ത്യക്കു പുറത്തേക്കും യു. പി.ഐ. വളരുകയാണ്. നിലവിൽ 11 രാജ്യങ്ങളിൽ യു.പി.ഐ. സേവനം ലഭ്യമായിക്കഴിഞ്ഞു. കൂടുതൽ രാജ്യങ്ങളിൽ ഇതു നടപ്പാക്കാനുള്ള ശ്രമങ്ങളുമായി നാഷണൽ പെയ്മന്റ് കോർപ്പറേഷൻ മുന്നോട്ടുപോകുന്നു.
ഇന്ത്യയെപ്പോലെ വൈവിധ്യങ്ങളുള്ള രാജ്യത്ത്, യു.പി.ഐ. പ്ലാറ്റ്‌ഫോമിൽ ദിവസവും നടക്കുന്ന കോടിക്കണക്കിന് ഇടപാടുകൾ ഇത് എത്രമാത്രം ആഴത്തിൽ വേരൂന്നിയെന്നതിനു തെളിവാണ്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവിൽ ദിവസം ശരാശരി 66 കോടി ഇടപാടുകളാണ് യു.പി.ഐ.യിൽ നടക്കുന്നത്.
ഇത് അവതരിപ്പിക്കപ്പെട്ട 2016 – 17 സാമ്പത്തികവർഷമാകെ 1.78 കോടി ഇടപാടുകൾ മാത്രമായിരുന്നു. 2025 – 26 സാമ്പത്തികവർഷമിത് 24,162 കോടിയിലെത്തി. ഇടപാടുമൂല്യം ഇക്കാലത്ത് 0.07 ലക്ഷം കോടി രൂപയിൽനിന്ന് 314 ലക്ഷം കോടി രൂപയായി ഉയർന്നു.
തുടക്കത്തിൽ 44 ബാങ്കുകളാണ് ശൃംഖലയിൽ ഉൾപ്പെട്ടത്. ഇതിൽ ചെറുതും വലുതുമായി 703 എണ്ണമാണ്. ലോകത്തെ തത്സമയ ഡിജിറ്റൽ പണമിടപാടിന്റെ 49 ശതമാനംവരെ പത്തുവർഷം കൊണ്ട് യു.പി.ഐ.ക്കു സ്വന്തം. ഇടപാടുകളുടെ എണ്ണത്തിൽ പത്തുവർഷം യു. പി.ഐ. നേടിയത് 13,000 മടങ്ങ് വളർച്ചയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
